കൊടുങ്ങല്ലൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളിലെ തൊഴിലാളികളെ ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരന് നൽകേണ്ട കൂലി സംബന്ധിച്ച തർക്കം മൂലം നിറുത്തി വെച്ച പരിശോധന പുനരാരംഭിച്ചു. മാർക്കറ്റിന്റെ പ്രവർത്തനം സാധാരണ നിലയിലായതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു.

ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധന മുടങ്ങിയതിനെ തുടർന്ന് ചന്തയിലെ തൊഴിലാളികൾ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താതെ ജോലി ചെയ്യില്ലെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭ ചെയർമാൻ ഹെഡ് ലോഡ് വർക്കേഴ്‌സ് വെൽഫെയർ ബോർഡുമായും വ്യാപാരി നേതാക്കളുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും ചർച്ച ചെയ്താണ് പരിഹാരമുണ്ടാക്കിയത്.

മാർക്കറ്റിൽ പരിശോധന നടത്തുന്നതിന് നിയമിക്കുന്ന ജീവനക്കാരുടെ കൂലി, ബോർഡും കച്ചവടക്കാരുടെ സംഘടനയും സംയുക്തമായി വഹിക്കുന്നതിന് ധാരണയായി. ഇന്നലെ രാവിലെ മുതൽ കയറ്റിറക്ക് പുനരാരംഭിച്ച് മാർക്കറ്റിന്റെ പ്രവർത്തനം സാധാരണ നിലയിലായി. തൊഴിലാളികളുടെയും കച്ചവടക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും,​ തൊഴിലാളികൾക്ക് മുഖാവരണവും സാനിറ്റൈസറും ബോർഡ് നൽകണമെന്നും മാർക്കറ്റിൽ വരുന്നവർ ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.