കൊടുങ്ങല്ലൂർ: കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തരിശ് നിലങ്ങളിൽ നെല്ല്, പച്ചക്കറി, പയർ വർഗ്ഗങ്ങൾ, ചെറുധാന്യങ്ങൾ, വാഴ, പപ്പായ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിന് 40 ശതമാനം സബ്‌സിഡി നൽകും. പശുവളർത്തൽ, മീൻ വളർത്തൽ, കോഴി വളർത്തൽ എന്നിവയ്ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി കൃഷിക്കാർക്ക് ആനുകൂല്യം നൽകും.

ഒറ്റക്കോ കൂട്ടായോ കൃഷി ചെയ്യാവുന്നതാണ്. കൃഷി ചെയ്യാത്ത ഭൂവുടമകളുടെ സ്ഥലം കരാറടിസ്ഥാനത്തിലും എടുക്കാവുന്നതാണ്. മണ്ഡലത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും സഹകരണ ബാങ്കുകളുടെ സഹായം ഉറപ്പുവരുത്തുന്നതിനുമാണ് ജനപ്രതിനികളെ ഉൾപ്പെടുത്തി എം.എൽ.എ യോഗം വിളിച്ചത്. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, വെള്ളാങ്കല്ലൂർ ബ്‌ളോക്ക് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ,

മാള ബ്‌ളോക്ക് പ്രസിഡന്റ് ഇ. കേശവൻകുട്ടി, മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, അന്നമനട പ്രസിഡന്റ് ടെസ്സി ടൈറ്റസ്,

പൊയ്യ പ്രസിഡന്റ് സിജി വിനോദ്, വെള്ളാങ്കല്ലൂർ പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, പുത്തൻചിറ വൈസ് പ്രസിഡന്റ് ബീന സുധാകരൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.