ചേലക്കര: നിയോജക മണ്ഡലത്തിലെ 22.64 കിലോമീറ്റർ വരുന്ന വാഴക്കോട് - പ്ലാഴി റോഡ് പുനരുദ്ധാരണത്തിന് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 142.58 കോടി രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ട്രാൻസ്‌പോർട്ട് പ്രോജക്ടിനാണ് (കെ.എസ്.ടി.പി) നിർമ്മാണച്ചുമതല നൽകിയിട്ടുള്ളത്. സാങ്കേതിക അനുമതി ലഭ്യമായാൽ പ്രവൃത്തി ടെൻഡർ ചെയ്യാനാകും.
ലോകബാങ്കിന്റെ ഡെവലപ്‌മെന്റ് പോളിസി ലോൺ പ്രകാരം ലഭിക്കുന്ന തുക കൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുക. കെ.എസ്.ടി.പിക്ക് വേണ്ടി ലൂയിസ് ബർജർ കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഗുർഗോൻ ഹരിയാന എന്ന കമ്പനിയാണ് ഡി.പി.ആർ തയാറാക്കിയത്.
2018ലെ പ്രളയത്തിൽ കാര്യമായ നാശമുണ്ടായ വാഴക്കോട് - പ്ലാഴി റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് യു.ആർ. പ്രദീപ് എം.എൽ.എ അഭ്യർത്ഥിച്ചിരുന്നു.
പ്രളയവും മണ്ണിടിച്ചിലും നേരിടാനുള്ള സാങ്കേതിക വിദ്യയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ രീതികളും സംയോജിപ്പിച്ചു കൊണ്ടാകും റോഡ് പുനരുദ്ധാരണം ചെയ്യുക. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതികൂട്ടി മതിയായ ഡ്രൈനേജ്, പാലങ്ങൾ, ബസ് ബേ, ഫൂട്ട് പാത്ത്, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാകും റോഡ് നിർമ്മിക്കുക.