gvr-temple-inspection-for-darasanam
സിറ്റി പോലീസ് കമ്മീഷ്ണർ ആർ.ആദിത്യ ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയപ്പോൾ

ഗുരുവായൂർ: ചൊവ്വാഴ്ച്ച മുതൽ ഓൺലൈനായി ബുക്ക് ചെയ്യുന്ന അറുന്നൂറ് പേർക്ക് ഒരു ദിവസം ദർശനം അനുവദിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസും അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിറും അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ദർശനം അനുവദിക്കുക. വെർച്വൽ ക്യൂ പ്രകാരമാണ് ദർശനം നിയന്ത്രിക്കുക. ദേവസ്വം വെബ്‌സൈറ്റായ www.guruvayurdevaswom.in എന്ന സൈറ്റിൽ നിന്നും ലഭിക്കുന്ന ഗൂഗിൾഫോം ലിങ്ക് വഴി ഇന്ന് രാവിലെ 10 മുതൽ ഓൺലൈൻ ദർശനം ബുക്ക് ചെയ്യാം. ഓൺലൈൻ വഴിയല്ലാതെയുള്ള വി.ഐ.പി ദർശനം ഉണ്ടായിരിക്കില്ല. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അസി. കമ്മിഷണർ ബിജു ഭാസ്‌കർ, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവരോടൊത്ത് ക്ഷേത്രപരിസരത്തെ ഒരുക്കം വിലയിരുത്തി.

ദർശനത്തിനുള്ള നടപടി ക്രമം ഇങ്ങനെ

ബുക്ക് ചെയ്താൽ ദർശന സമയവും തിയതിയും രേഖപ്പെടുത്തിയ ക്യൂആർ കോഡ് അടങ്ങിയ ടോക്കൺ, ഇ മെയിൽ വഴിയെത്തും

കൊവിഡ്-19 പ്രതിരോധത്തിനുള്ള നിബന്ധന പാലിക്കണം

ചെരിപ്പ്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവ ക്ഷേത്ര പരിസരത്തേയ്ക്ക് കൊണ്ടുവരരുത്

ദേവസ്വം വെബ്‌സൈറ്റ് വഴി വഴിപാടുകളും ഹുണ്ടികയിൽ നിക്ഷേപവും നടത്താം

ഭക്തരെ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല

വാതിൽമാടത്തിന് സമീപത്തു നിന്നും ദർശനം നടത്താം

ഭക്തർ തമ്മിൽ മൂന്നു മീറ്റർ അകലം പാലിച്ചായിരിക്കും ദർശനം

കിഴക്കെനടയിലൂടെ ക്ഷേത്ര മതിലകത്തേയ്ക്ക് പ്രവേശനം

ദർശനം പൂർത്തിയാക്കി ഭഗവതി ക്ഷേത്രം വഴി പുറത്തേയ്ക്ക്