പാവറട്ടി: ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ കൂട്ടത്തോൽവി. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ആറ് ഡിവിഷനുള്ള ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന 42 വിദ്യാർത്ഥികളെയാണ് സ്‌കൂൾ അധികാരികൾ പത്താം ക്ലാസിലേക്കുള്ള പ്രമോഷൻ നിഷേധിച്ച് തോൽപിച്ചത്.
ഒമ്പതാം ക്ലാസിൽ തോൽക്കുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷ നടത്തണമെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്റെ 2016ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 'സേ' പരീക്ഷ നടത്താൻ 2017ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ' സേ' പരീക്ഷ നടത്തണമെന്ന രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാനും അധികൃതർ തയ്യാറായില്ല. തോൽപ്പിച്ച 42 വിദ്യാർത്ഥികൾക്കും ' സേ' പരീക്ഷ നടത്തി അർഹതപ്പെട്ടവർക്ക് പത്താം ക്ലാസിലേക്ക് പ്രൊമോഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് സങ്കട ഹർജി നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടാനായാണ് കുട്ടികളെ കൂട്ടത്തോടെ തോൽപ്പിച്ചത് എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കൊവിഡ് 19 നിയന്ത്രണത്തിന്റെ പേരിൽ മേലധികാരികളിൽ നിന്ന് പ്രത്യേകം നിർദ്ദേശം കാത്തിരിക്കുകയാണത്രേ സ്‌കൂൾ അധികാരികൾ. ഉയർന്ന ക്ലാസിലേക്ക് പ്രമോഷൻ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ മാനസിക സമ്മർദ്ദത്തിലാണെന്ന് രക്ഷിതാക്കൾ പറയുന്നു.
..............
85ശതമാനം വിദ്യാർത്ഥികളെ ജയിപ്പിക്കണമെന്നാണ് നിർദ്ദേശമുള്ളത്. അത് പാലിച്ചിട്ടുണ്ട്. കൊവിഡ് കാലമായതിനാൽ സേ പരീക്ഷ നടത്താനായിട്ടില്ല. സേ പരീക്ഷ നടത്തുന്നില്ലെന്നതാണ് രക്ഷിതാക്കളുടെ പരാതി. ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് സേ പരീക്ഷ നടത്താൻ തയ്യാറാണ്.
ജസ്റ്റിൻ തോമസ്
പ്രഥമാദ്ധ്യാപകൻ