rekha

തൃശൂർ: ഇൗ ഇടവപ്പാതിയിൽ, ലോക്ക് ഡൗൺ വറുതിയുടെ കടൽക്കയത്തിലാണ്,​ രാജ്യത്ത് ആഴക്കടൽ മീൻപിടിത്തത്തിന് ലൈസൻസുള്ള ഏക വനിത രേഖയും ഭർത്താവ് കാർത്തികേയനും. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരം തേടിയെത്തിയ വീട്ടിൽ മൂന്നു പെൺകുട്ടികളുടെ ഓൺലൈൻ പഠന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ അവർ നീറുന്നു.

കാറ്റുപിടിച്ച കഴിഞ്ഞ ദിവസവും കടലിൽ പോയി. കിട്ടിയത് രണ്ടു കുട്ട കുഞ്ഞൻ ചെമ്മീൻ. രണ്ടായിരം രൂപയ്ക്കു വിറ്റു. പെട്രോളും മണ്ണെണ്ണയും വാങ്ങിയതും കൂലിക്കാശും കഴിഞ്ഞ് മിച്ചമായത് ചില്ലറത്തുട്ടുകൾ!

പണി തീരാതെ ചോർന്നൊലിക്കുന്ന വീട്ടിൽ മൊബൈൽ റേഞ്ചില്ലാതെ ഒാൺലൈൻ പാഠങ്ങൾക്ക് പാടുപെടുകയാണ് മക്കൾ. അഞ്ജലി പ്ളസ് ടുവിലും ദേവപ്രിയ എട്ടിലും ലക്ഷ്‌മിപ്രിയ ആറിലും. ബിരുദം കഴിഞ്ഞ മൂത്തമകൾ മായയുടെ വിവാഹം നേരത്തേ നടത്തി.

രണ്ടര മാസത്തെ ലോക്ക് ഡൗണിൽ കടലിൽ പോയത് വെറും ഇരുപതു ദിവസം. ന്യൂനമർദ്ദം കാരണം വീട്ടിൽത്തന്നെ കഴിഞ്ഞ ദാരിദ്ര്യത്തിന്റെ നാളുകളാണ് പിന്നെ. ചേറ്റുവ ഏത്തായ് ബീച്ചിനടുത്തെ വീട്ടിൽ പുലർച്ചെ മൂന്നിന് വെട്ടം തെളിയും. നാലോടെ രേഖയും കാർത്തികേയനും ബോട്ടിൽ കടലിലേക്ക്. വീട്ടുകാര്യങ്ങളെല്ലാം പെൺകുഞ്ഞുങ്ങളുടെ തലയിൽ. അച്ഛനും അമ്മയും നല്ലൊരു കോള് കൊണ്ടുവരുമെന്ന കാത്തിരിപ്പിലാകും, ഇരുട്ടും വരെ.

കഷ്ടപ്പാടിന്റെ നടുക്കടലിൽ

കാറ്റും കോളും വന്നാൽ വല പിടിച്ചുകയറ്റാൻ ബോട്ടിൽ ഒരാൾ കൂടെയുണ്ടാകും. പടിഞ്ഞാറൻ പണിക്കാണെങ്കിൽ 40 ലിറ്റർ മണ്ണെണ്ണയും അഞ്ച് ലിറ്റർ പെട്രോളും ഒായിലും വേണം. പെർമിറ്റ് ഇല്ലാത്തതിനാൽ മണ്ണെണ്ണ അധികവിലയ്ക്ക് വാങ്ങണം. എല്ലാം കഴിഞ്ഞ് എണ്ണക്കാശുപോലും പലപ്പോഴും കിട്ടില്ല.

- രേഖ

ജീവിത'രേഖ'

കേന്ദ്ര സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രേഖകളിൽ കടലിൽ പോകുന്ന ഏക 'ഫിഷർ വുമൺ.'

ഭർത്താവിനെ സഹായിക്കാൻ ആളില്ലാതായപ്പോൾ മീൻപിടിക്കാൻ പോയി, 12 വർഷം മുമ്പ്.

സ്ത്രീകൾ കടലിൽ പോകുന്നതിനെ ആദ്യം തുറക്കാർ കുറ്റപ്പെടുത്തിയെങ്കിലും ആ വിശ്വാസം തിരുത്തി. രാജ്യത്തെ ആദ്യ മത്സ്യത്തൊഴിലാളി ദമ്പതികളായി കേന്ദ്രസർക്കാരിന്റെ ബഹുമതി.