biju
വീണ്ടെടുപ്പിന്റെ ഫാമിൽ ബിജു

മാള: പ്രതീക്ഷിക്കാതെ എത്തിയ പ്രളയം രണ്ട് വർഷം മുമ്പ് തുടച്ചുനീക്കിയത് ബിജുവിന്റെ 23 പശുക്കളെയും ഉപജീവനമാർഗ്ഗവുമാണ്. പ്രളയത്തിൽ നിരാശയുടെ കരിനിഴലിൽ പലരും രംഗം വിട്ടപ്പോൾ അന്നമനട പഞ്ചായത്തിലെ പൂവ്വത്തുശ്ശേരി സ്വദേശി പടപ്പറമ്പത്ത് ബിജു അതിജീവനത്തിനായി പൊരുതി.

ആറ്റുനോറ്റു സ്നേഹിച്ച് വളർത്തിയ പശുക്കളും കറവ യന്ത്രങ്ങളും തീറ്റയും തൊഴുത്തുമായി 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. വീടും തൊഴുത്തും മുങ്ങിയപ്പോൾ പശുക്കളെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ കയർ മുറിച്ച് വിടുകയായിരുന്നു.

എന്നാൽ ബിജുവിനെ വിട്ടുപോകാൻ മനസ് കാണിക്കാത്ത പശുക്കളെ പിറ്റേന്ന് സമീപത്തെ സ്ഥലങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. 12 വർഷമായി പശുക്കൾക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോയ ഈ ക്ഷീര കർഷകന്റെ മുന്നിൽ ശൂന്യതയായിരുന്നു. 2019 ആയപ്പോഴേക്കും പതിയെ വായ്പയായും മറ്റും പശുക്കളെ വാങ്ങിത്തുടങ്ങി. ഇപ്പോൾ 16 പശുക്കളാണ് ഫാമിലുള്ളത്.

12 വർഷം മുമ്പ് രണ്ട് പശുക്കളുമായാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. പ്രളയത്തിന് മുമ്പ് 250 ലിറ്ററിൽ അധികം പാൽ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ദിവസവും 160 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. ഇത്രയും പാൽ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ബിജു തന്നെ നേരിട്ട് വിൽക്കുന്നു. ബിജുവിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അതിജീവനത്തിന്റെ പാത അതിവേഗം തുറക്കുകയായിരുന്നു.

..................

പ്രളയം എല്ലാം ഇല്ലാതാക്കിയെങ്കിലും ഇത്തരത്തിൽ വീണ്ടും ക്ഷീര കർഷകനായി നിലനിൽക്കാൻ സുഹൃത്തുക്കൾ അടക്കം പലരും സഹായിച്ചു. അതിജീവിച്ചേ പറ്റൂവെന്ന തിരിച്ചറിവിലാണ് വീണ്ടും ഫാം തുടങ്ങിയത്. വീണ്ടും പ്രളയ മുന്നറിയിപ്പുകൾ കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ തീയാണ്.

പി.എൻ ബിജു