തൃശൂർ : ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും സമ്പർക്കത്തിലൂടെ എതാനും പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ സാമൂഹിക വ്യാപന സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ജില്ല കൊവിഡ് മുക്തമെന്ന രീതിയിലാണ് പലരുടെയും പെരുമാറ്റമെന്നും ആരോഗ്യവകുപ്പ് അധികൃതർ തുറന്നു പറയുന്നു. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം പലയിടത്തും ലംഘിക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നാലു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. നേരത്തെ വിദേശത്ത് നിന്ന് വന്നവർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കും കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപനം തടയാനായി. എന്നാ ഇപ്പോൾ പലരും ജാഗ്രത പുലർത്തുന്നില്ല. ഇത് സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് ആരോഗ്യവകുപ്പ് കൈമാറി. നേരത്തെ വിദേശത്ത് നിന്ന് വരുന്നവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നതെങ്കിൽ ഇപ്പോൾ വീടുകളിലേക്ക് തന്നെ വിടാനുള്ള തീരുമാനം കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെങ്കിലും മുഴുവൻ പേരെയും കണ്ടെത്താനായിട്ടില്ല. രണ്ടാം ഘട്ടത്തിൽ വന്ന രോഗികളുടെ എണ്ണം നൂറിനോട് അടുക്കുകയാണ്.
എല്ലായിടത്തും ജനം തള്ളിക്കയറുന്നു
ലോക് ഡൗൺ ഇളവുകളുടെ മറവിൽ എല്ലായിടത്തും ജനം തള്ളിക്കയറുകയാണ്. വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, ബസുകൾ, സ്വകാര്യ വാഹനങ്ങളിലെ യാത്ര എന്നിവിടങ്ങളിലെല്ലാം യാതൊരു വിധത്തിലുള്ള സാമൂഹിക അകലവും പാലിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ പോലും നടത്തുന്നില്ല. മാസ്‌ക് പോലും പലരും സുരക്ഷിതത്വത്തിനായല്ല വയ്ക്കുന്നത്.
ആശുപത്രികളിൽ പോലും ശ്രദ്ധയില്ല
രോഗം ഉള്ളവരും ഇല്ലാത്തവരും വേണ്ടത്ര ജാഗ്രത പുലർത്താതെ എത്തുന്നതിനാൽ സർക്കാർ ആശുപത്രികളിലും പ്രതിരോധം പാളുകയാണ്.
എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിട്ട് താഴെക്കിടയിലുള്ള ആശുപത്രികൾ രക്ഷ നേടുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മെഡിക്കൽ കോളേജിൽ ഇന്നലെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രോഗികളുടെ ഒപ്പം ഒരാളെ മാത്രമെ പ്രവേശിപ്പിക്കുന്നുള്ളൂ.
..................
എല്ലാം നിസാര മട്ടിലാണെന്ന് കണ്ടാൽ വലിയ വിലകൊടുക്കേണ്ടി വരും. ആരും ജാഗ്രത പുലർത്തുന്നില്ല. ലോക്ഡൗൺ ഇളവ് നൽകിയത് എല്ലാവർക്കും എവിടെയും നിൽക്കുന്നതിനുള്ള ലൈസൻസല്ല. ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചാൽ മാത്രമേ കൊവിഡിനെ പിടിച്ചു നിറുത്താനാകൂ
കെ.ജെ റീന
ഡി.എം.ഒ ..