arimpur
അരമ്പൂർ സമഗ്ര കുടിവെള്ള പദ്ധതിക്ക് തിരഞ്ഞെടുത്ത കപ്പൽപള്ളിക്ക് സമീപമുള്ള ഞ്ചായത്ത് പള്ളികുളം

അരിമ്പൂർ: സമഗ്ര കുടിവെള്ള പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ കുളങ്ങളിൽ കലക്കിയിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല. പദ്ധതി നടപ്പിലാക്കാൻ അരിമ്പൂർ പഞ്ചായത്തിൽ മാറിമാറി വന്ന ഭരണസമിതികൾ ലക്ഷങ്ങളാണ് ചെലവാക്കിയത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിട്ടത്. പെരുമ്പുഴ സംസ്ഥാനപാതയ്ക്ക് സമീപമുള്ള പഴയകുളം നവീകരിച്ച് ജലസംഭരണിയാക്കി വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വാർഡുകളിലേക്ക് പൈപ്പുകൾ വഴി എത്തിക്കാനായിരുന്നു പദ്ധതി. ഇതിനുവേണ്ടി ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിൽ നിന്ന് 2.58 കോടി രൂപയാണ് വകയിരുത്തിയത്. 2015ൽ ഏപ്രിൽ അന്നത്തെ ജലവിഭവമന്ത്രി പി.ജെ. ജോസഫ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും നിർവഹിച്ചു.

പൈപ്പിടൽ, ശുദ്ധീകരണ പ്ലാന്റ്, മോട്ടോർ സ്ഥാപിക്കൽ എന്നിവയ്ക്ക് വാട്ടർ അതോറിറ്റിക്കായിരുന്നു നിർമ്മാണ ചുമതല. ആദ്യം ഘട്ടം ജില്ലാപഞ്ചായത്തിന്റെ ഫണ്ട് 20ലക്ഷം രൂപ ചെലവാക്കി 76മീറ്റർ നീളത്തിലും 26മീറ്റർ വീതിയിലും 6മീറ്റർ താഴ്ചയിലും കരിങ്കൽ ഭിത്തി കെട്ടി കുളം നിർമ്മിച്ചു.
രണ്ടാം നിർമ്മാണ പ്രവർത്തനങ്ങൾക്ക് 61 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്ക് കൈമാറി. ശുദ്ധീകരണ പ്ലാന്റ്, പൈപ്പിടൽ ടെണ്ടർ വിളിച്ച് നടത്തേണ്ട തുടർ പ്രവർത്തനങ്ങളായപ്പോഴേക്കും മഴക്കാലമായി. അതുകഴിഞ്ഞ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൽ.ഡി.എഫ് അധികാരത്തിലും വന്നു.

തുടർന്ന് 20ലക്ഷം ചെലവാക്കി നിർമ്മിച്ച കുളത്തിലെ വെള്ളം പദ്ധതിയ്ക്ക് ഉപയോഗപ്രദമല്ലെന്നുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെരുമ്പുഴ പാടശേഖരത്തിലെ കുളം ഉപേക്ഷിച്ചു. പിന്നീട് അരിമ്പൂർ കപ്പൽ പള്ളിക്ക് സമീപം പഞ്ചായത്ത് പള്ളിക്കുളം പദ്ധതി നടപ്പിലാക്കാൻ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് 50 ലക്ഷത്തിൽ നിന്ന് 38,77102 ലക്ഷം രൂപ ഉപയോഗിച്ച് കുളത്തിന്റെ പാർശ്വഭിത്തി നിർമ്മാണം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടെങ്കിലും ഇതുവരെ തുടർപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. ഇപ്പോൾ മുരളി പെരുന്നെല്ലി എം.എൽ.എൽയുടെ ഫണ്ട് 30ലക്ഷം ഉപയോഗിച്ച് കുളം സംരക്ഷിക്കുന്നതിന് നടപ്പാത ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചെന്ന് വൈസ് പ്രസിഡന്റ് സതീശ് പറഞ്ഞു.
വാട്ടർ അതോറിറ്റിയിൽ മുഴുവൻ പണം അടയ്ക്കാത്തതിനാൽ പൈപ്പിടൽ, ജലശുദ്ധികരണ പ്ലാന്റ് , മോട്ടോർ സ്ഥാപിക്കൽ പ്രവൃത്തികൾക്ക് ടെണ്ടർ നടപടികൾ വാട്ടർ അതോറിറ്റി സ്വീകരിച്ചിട്ടില്ല. പദ്ധതി നടപ്പിലാക്കാൻ പോകുന്ന കുളത്തിലെ വെള്ളം കുടിവെള്ള പദ്ധതിയ്ക്ക് ഉപയോഗപ്രദമാണോ എന്ന് പരിശോധനനടത്തി ഉറപ്പുവരുത്താതെയാണ് ഓരോ ഫണ്ടും ചെലവഴിക്കുന്നത്. ഭരണസമിതിയുടെ കാലാവധി കഴിയുന്നതിന് മുൻപ് പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഭരണസമിതി. എന്നാൽ വെള്ളത്തിൽ കായംകലക്കിയ പോലെയാണ് അരിമ്പൂരിന്റെ സമഗ്രകുടിവെളളപദ്ധതിയുടെ പേരിൽ കുളങ്ങളിൽ ഫണ്ട് ചെലവഴിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ജനസംസാരം.


..........
കുളത്തിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് കിട്ടിയതിന് ശേഷം പൈപ്പിടൽ തുടങ്ങിയ പ്രവൃത്തികൾ ആരംഭിക്കും. 1 ,2, 3, ,16, 17 എന്നീ വാർഡുകളിൽ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണിത്. ഭരണ സമിതിയുടെ കാലവധി കഴിയുന്നതിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കും.
- സുജാത മോഹൻദാസ് (അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്)

........
കുളം സംരക്ഷിക്കാനെന്ന പേരിൽ 50 ലക്ഷം രൂപ ഉപയോഗിച്ച് സ്വകാര്യവ്യക്തികളുടെ ഭൂമി സംരക്ഷിക്കാൻ പാർശ്വഭിത്തി കെട്ടി എന്നല്ലാതെ പദ്ധതി നടപ്പിലാക്കാൻ ഒന്നും ഇതുവരെ ചെയ്തിട്ടില്ല.
- സുധാ സദാനന്ദൻ (പ്രതിപക്ഷ നേതാവ്)


..........
പദ്ധതിയുടെ പേരിൽ ലക്ഷകണക്കിന് രൂപയാണ് ഒഴുക്കിയത്. എന്നാൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പരിപാടിയും നടക്കുന്നില്ല. കുടിവെള്ള പദ്ധതി വെള്ളത്തിൽ കായം കലക്കിയ അവസ്ഥയാണ്.
-സാജു പോത്താനി (ബി.ജെ.പി അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്)