തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാളെ മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനമായി. പത്ത് വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. ലോക്ഡൗൺ ചട്ടം പാലിച്ച് കൊണ്ടായിരിക്കും പ്രവേശനം. ദർശനത്തിന് വരുന്നവരുടെ പൂർണ്ണമായ മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രത്തിന് പുറത്ത് കൈകഴുകുന്നതിനുള്ള സൗകര്യം വച്ചിരിക്കണം. ഇന്ന് ക്ഷേത്രങ്ങളിൽ അണുനശീകരണം നടത്താനും ബോർഡ് പ്രസിഡന്റ് എ.ബി മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.


കൈസ്ത്രവ ദേവലായങ്ങൾ തുറക്കും


അതിരൂപതയിലെ എല്ലാം ദേവാലയങ്ങളും നാളെ മുതൽ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകിയ നിബന്ധനകൾ ഏവരും കൃത്യമായി പാലിക്കേണ്ടതാണെണും ജൂൺ 9ന് മുമ്പായി പള്ളിയും പരിസരവും അണുവിമുക്തമാക്കാനും ശുചിത്വം ഉറപ്പുവരുത്താനും അതിരൂപത നൽകിയ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. ദേവാലയത്തിന് മുമ്പിൽ പ്രവേശന വ്യവസ്ഥകളടങ്ങിയ ഒരു നോട്ടീസ് ബോർഡും പരസ്യമായി സ്ഥാപിക്കും.

ജുമാ മസ്ജിദ് തുറക്കില്ല

കൊവിഡ് 19 വൈറസ് വ്യാപനം വർദ്ധിച്ചു വരുന്നതിനാലും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിർദ്ദേശിക്കുന്ന നിയന്ത്രണം പാലിച്ചു പള്ളി തുറന്ന് വിശ്വാസികളെ പ്രവേശിപ്പിക്കുവാൻ കഴിയാത്തതിനാലും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുന്നത് വരെ തൃശൂർ കൊക്കാല ജുമാ മസ്ജിദ് തുറക്കില്ലെന്ന് പള്ളി പ്രസിഡന്റ് അഡ്വ. പി.യു അലി അറിയിച്ചു..