പാവറട്ടി: നിഷേധ സ്വഭാവക്കാരനായ ഒരു അഭിഭാഷകന്റെ കഥ പറയുകയാണ് പരാജിതന്റെ ആത്മകഥ എന്ന പുതിയ നോവലിലൂടെ അഡ്വ. സജീഷ് കുറുവത്ത്. പെരുവല്ലൂർ സ്വതന്ത്ര കലാസമിതി വായനശാലയുടെ സെക്രട്ടറിയും ചാവക്കാട്ടെ അഭിഭാഷകനുമായ സജീഷ് കുറുവത്ത് കൊവിഡ് കാലത്താണ് തന്റെ അഞ്ചാം പുസ്തകരചന പൂർത്തിയാക്കിയത്.
കാൽനൂറ്റാണ്ടുകാലം അഭിഭാഷകനായി വർത്തിച്ച സജീഷ് സ്വജീവിതത്തിലെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ ഉൾക്കൊണ്ട് ഒരുക്കിയ പുസ്തകമാണ് പരാജിതന്റെ ആത്മകഥ. എല്ലാ കാര്യങ്ങളിലും നെഗറ്റീവ് സ്വഭാവക്കാരനായ യോഗിഷ് എന്ന അഭിഭാഷകന്റ കഥയാണ് നോവലിലൂടെ അനാവരണം ചെയ്യുന്നത്. പട്ടാമ്പി പാലം, സിഗരറ്റ്, ജപമണിയുടെ ദിനങ്ങൾ, പൂതിമരം തുടങ്ങിയ പുസ്തകങ്ങളും സജീഷ് കുറുവത്ത് രചിച്ചിട്ടുണ്ട്.
മണം എന്ന വിഷയമെടുത്ത് സജീഷ് എഴുതിയ നോവലാണ് പൂതിമരം. ഗന്ധത്തിലൂടെ തിരിച്ചറിവ് നേരിടുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ സംഭവിക്കുന്ന ആകുലതകൾ പറയുന്ന പൂതിമരം എന്ന നോവൽ ഇപ്പോൾ പരിമളപ്രേമി എന്ന പേരിൽ കന്നടയിലേക്ക് വിവർത്തനം ചെയ്യാനിരിക്കുകയാണ്.
നല്ലൊരു വായനക്കാരനായിരുന്ന അച്ഛൻ ചന്ദ്രശേഖരൻ മാഷിൽ നിന്നാണ് സജീഷ് എഴുത്തിന്റെ വഴിയിലേക്കെത്തുന്നത്. ആദ്യം കവിതകളാണ് എഴുതിയിരുന്നത്. പെരുവല്ലൂരിന്റ കവിയായിരുന്ന കെ.ബി. മേനോൻ ആയിരുന്നു കവിത എഴുതാൻ ഉപദേശവും നിർദേശങ്ങളും നൽകിയത്. പിന്നീട് കഥയിലേക്കും ഇപ്പോൾ നോവലിലേക്കും ചുവടുവച്ചു. സാഹിത്യകാരൻ രാജൻ തുവ്വാരയുമായുള്ള സുഹൃദ്ബന്ധം രചനയ്ക്ക് ഏറെ പ്രോത്സഹനമായെന്ന് സജീഷ് പറയുന്നു. സത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യം നൽകി ഒരു നോവൽ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഈ അഭിഭാഷകൻ.