പുതുക്കാട്: മദ്ധ്യവയസ്കനെ മണലിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിലായി. ഒല്ലൂർ, അഞ്ചേരി, കുരുതുകുളങ്ങര കൂള വീട്ടിൽ അന്തോണിയുടെ മകൻ ജെയ്‌സനെയാണ് (56) മാർച്ച് 17ന് മണലിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആട്ടോ ഡ്രൈവറും ഒല്ലൂർ, കമ്പനിപ്പടി പെരുവാംകുളങ്ങര പൊന്തോക്കൻ വീട്ടിൽ സൈമണും (53) അറസ്റ്റിലായി.
ജെയ്‌സന്റേത് മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജെയ്‌സൻ മണലിയിലെത്താൻ ഇടയാക്കിയ കാരണത്തെ കുറിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ജെയ്‌സന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മുങ്ങി മരണമെന്നായിരുന്നതിനാലും മരണത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പരാതി ഇല്ലാത്തതിനാൽ ജെയ്‌സനെ തിരിച്ചറിഞ്ഞ ബന്ധുക്കൾ മൃതദേഹം എറ്റു വാങ്ങി സംസ്‌കരിച്ചു.
സംഭവത്തിന് ശേഷം നാടുവിട്ട പ്രതി സൈമൻ പലയിടത്തായി തന്റെ ആട്ടോ ഓടിച്ച് ജീവിക്കുകയായിരുന്നു. എതാനും ദിവസം മുമ്പ് നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സർക്കിൾ ഇൻസ്‌പെക്ടർ എസ്.പി സുധീരൻ, എസ്.ഐമാരായ കെ.എൻ. സുരേഷ്, ടി.പി പോൾ, എ.എസ്.ഐമാരായ ടി.എ റാഫേൽ, മുഹമദ് റാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജു ചതേലി, സി.പി.ഒ കെ.എസ് സിജു എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മണലിപ്പുഴയുടെ വക്കിൽ നിന്ന് കൊലപാതകത്തിന്റെ വക്കിലേക്ക് !
സൈമണും കൊല്ലപ്പെട്ട ജെയ്സണും സാമാന്യം മദ്യപിക്കുന്നവരാണ്. കുട്ടനെല്ലൂരിൽ ചായക്കടയിലിരുന്ന ജെയ്സണെ മദ്യപിക്കാനായി സൈമൺ ക്ഷണിക്കുകയായിരുന്നു. സൈമണിന്റെ ആട്ടോയിൽ കുട്ടനെല്ലൂരിൽ നിന്ന് മദ്യം വാങ്ങി ഇരുവരും മണലിപ്പുഴയുടെ വക്കിൽ മദ്യപിക്കാനെത്തി. മദ്യപാനത്തിനിടെ ജെയ്സൺ ഭക്ഷണം ആവശ്യപ്പെട്ടതോടെ സൈമൺ ഭക്ഷണം വാങ്ങാനായി പോയി. തിരിച്ചെത്തിയപ്പോൾ വീണ്ടും മദ്യം വേണമെന്ന് ജെയ്സൺ ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി. തർക്കത്തിനിടെ താൻ നൽകിയ അഞ്ച് ലക്ഷം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടതോടെ സൈമൺ ഇയാളെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.