പുതുക്കാട്: അജ്ഞാത മൃതദേഹമായി മറവ് ചെയ്യേണ്ടിയിരുന്ന ഇടത്തു നിന്നാണ് ജെയ്സൻ വധത്തിൽ പൊലീസ് മൂന്ന് മാസത്തിനുള്ളിൽ തുമ്പുണ്ടാക്കിയത്. മാർച്ച് 17 ന് രാവിലെയാണ് മണലിപ്പുഴയിൽ മടവാക്കര റോഡുവക്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അജ്ഞാത മൃതദേഹമായി മറവു ചെയ്യാൻ നടപടി സ്വീകരിക്കുന്നതിനിടെയാണ് മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ജെയ്‌സൻ എങ്ങനെ മണലിയിലെത്തി എന്ന പൊലീസിന്റെ അന്വേഷണം ചില സംശയങ്ങൾ ഉണ്ടാക്കി. വീട് വിറ്റ പണത്തിൽ 5 ലക്ഷം രൂപ സുഹൃത്തായ ഓട്ടോ ഡ്രൈവർ സൈമണ് കടം കൊടുത്തിരുന്നെന്ന് വ്യക്തമായി. മറ്റൊരു 5 ലക്ഷം രൂപ വാടക വീടിന് അഡ്വാൻസ് നൽകി. കുട്ടനെല്ലൂരിലെ ചായക്കടയ്ക്ക് മുന്നിലിരുന്നിരുന്ന ജെയ്‌സനെ സുഹൃത്ത് സൈമൻ സംഭവദിവസം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി മണലിപ്പുഴയുടെ അടുത്തെത്തിക്കുകയായിരുന്നു.
ഇരുവരെയും കുട്ടനെല്ലൂരിലെ ബിവറേജ് ഔട്ട്‌ലറ്റിനു മുന്നിൽ കണ്ടവരുണ്ടായിരുന്നു. മദ്യപാനത്തിനിടെ ജെയ്‌സൻ ഭക്ഷണം ആവശ്യപെട്ടപ്പോൾ സൈമൻ ഭക്ഷണം വാങ്ങി കൊണ്ടുവരുന്നതിനിടെ മദ്യം മുഴുവൻ ജെയ്‌സൻ കുടിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. പിന്നെ കടം നൽകിയ 5 ലക്ഷത്തെ ചൊല്ലിയായി തർക്കം. തുടർന്ന് ക്ഷുഭിതനായ സൈമൻ സുഹൃത്തായ ജെയ്‌സനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
ജെയ്‌സൻ മരിച്ചുവെന്ന് ഉറപ്പാക്കിയ സൈമൺ വീട്ടിലെത്തി, വീട്ടുകാരറിയാതെ ടെറസിന് മുകളിൽ കിടന്നുറങ്ങി. രണ്ട് ദിവസം കഴിഞ്ഞ് ജെയ്‌സന്റെ മൃതദേഹം കണ്ടെന്നറിഞ്ഞപ്പോൾ മൊബൈൽ ഒഫ് ചെയ്ത് പെരുമ്പാവൂരിൽ സുഹൃത്തിന്റെ അടുത്തെത്തി. പിന്നീട് കൊഴിഞ്ഞാംപാറയിൽ ബന്ധു വീട്ടിലും തങ്ങി. പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും തന്നെ സംശയിക്കുന്നില്ലെന്നും തോന്നി സൈമൺ നാട്ടിലെത്തി ആട്ടോ ഓടിച്ച് ജീവിക്കുകയായിരുന്നു. വീട്ടുകാരുമായി കാര്യമായ ബന്ധമില്ലാത്ത സൈമൻ മിക്കവാറും ആട്ടോയിൽ തന്നെയാണ് ഉറക്കം. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കൃത്യം നടത്തിയ സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തു. കടം വാങ്ങിയ 5 ലക്ഷം രൂപ കുന്നംകുളത്ത് ചീട്ടുകളിച്ച് നഷ്ടപ്പെടുത്തിയിരുന്നു. കടം ജെയ്‌സൻ തിരികെ ചോദിക്കുന്നത് സൈമന് ശല്യമായതോടെ ഇല്ലാതാക്കണമെന്ന ചിന്തയായിരുന്നു മനസിലെന്ന് പൊലീസ് പറയുന്നു. സുഹൃത്തുക്കളിൽ ചിലർക്ക് സംശയം ഉണ്ടായിരുന്നെങ്കിലും ആരും പുറത്ത് പ്രകടിപ്പിച്ചില്ല.