വടക്കെക്കാട്: തളർന്നുകിടക്കുന്ന വികലാംഗനായ ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിതവഴിയിൽ കിതച്ചുനിന്ന ശോഭയ്ക്ക് താങ്ങായി രാഷ്ട്രസാരഥി വാട്‌സാപ്പ് കൂട്ടായ്മ. 65 കാരനായ കടാഞ്ചേരി വദനമോഹനനും ഭാര്യ ശോഭയും മക്കളായ ശിശിര (20) , ആതിര (13) എന്നിവരടങ്ങുന്ന കുടുംബത്തിനാണ് രാഷ്ട്രസാരഥിയുടെ സഹായം ആശ്വാസമായത്.
ഓട്ടിസം ബാധിച്ച കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ആദ്യഭർത്താവ് ഉപേക്ഷിച്ചുപോയപ്പോഴാണ് പൊന്നാനി സ്വദേശിയായ വദനമോഹനൻ ശോഭയെ വിവാഹം കഴിച്ചത്. പിന്നീട് ചാവക്കാട്ടേക്ക് കുടുംബം താമസം മാറി. രണ്ടാമത്തെ കുട്ടി പിറന്നതോടെ ശോഭ ഗുരുവായൂരിലെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലിക്ക് പോയിത്തുടങ്ങി. സമീപത്തെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു കാലിന് സ്വാധിനമില്ലാത്ത ഭർത്താവ്.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ട കുടുംബത്തിന് മകൾ ശിശിരയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന 1200 രൂപ പെൻഷൻ ആശ്വാസമായിരുന്നു. കോട്ടപ്പടി ശവക്കോട്ടയ്ക്ക് സമീപം 10 വർഷത്തോളം താമസിച്ച കുടുംബം കുട്ടികളുടെ സ്കൂൾ സൗകര്യം കൂടി പരിഗണിച്ച് ഗുരുവായൂർ മുനിസിപാലിറ്റിയിലെ മൂന്നാം വാർഡിലെ വാടക വീട്ടിലേക്ക് മാറ്റി.
ഇതിനിടെ ജനുവരിയിലാണ് വദനമോഹനന് പക്ഷാഘാതമുണ്ടായത്. ആശുപത്രിയിലെത്താൻ പോലും ആരുടെയും സഹായം ലഭിച്ചില്ല. ആദ്യം ചാവക്കാട് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കും പോയി. തുടർചികിത്സ പോലും വഴിമുട്ടിയ സാഹചര്യത്തിൽ ചില ജനപ്രതിനിധികൾ സഹായ വാഗ്ദാനവുമായി എത്തിയെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് ഒന്നും നടന്നില്ല.
തിരുവത്ര ബഡ്‌സ് സ്കൂൾ അദ്ധ്യാപിക ഗൗതമിയാണ്കുടുംബത്തിന്റെ അവസ്ഥ രാഷ്ട്രസാരഥി ഗ്രൂപ്പ് അഡ്മിനെ അറിയിക്കുന്നത്. തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾ മമ്മിയൂരുള്ള വാടക വീട്ടിലെത്തി, അടുത്തദിവസം അഞ്ഞൂരൂള്ള പൂങ്ങാട്ട് മനയുടെ കീഴിലെ ക്വാർട്ടേഴ്സിലേക്ക് മാറ്റി. കുടുംബത്തിന്റെയും എട്ടാം ക്ലാസുകാരി ആതിരയുടെയും പഠനച്ചെലവുകൾ ഗ്രൂപ്പ് അംഗങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഉടൻ ഇവർക്ക് സ്വന്തമായി ഒരു പാർപ്പിടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണിവർ.