ചാലക്കുടി: ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ നാലുപേർ ചാലക്കുടി പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞവർ. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് ഇവരെ മാറ്റി. ഇതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായി.

ശനിയാഴ്ച നിയോജക മണ്ഡലം പരിധിയിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊരട്ടി ത്വക്ക് രോഗാശുപത്രിയിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കൽ ചൊവ്വാഴ്ച തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് സൂചന നൽകി. ഞായറാഴ്ച പൊസിറ്റീവ് ആയവരിൽ മൂന്നു പേർ മുരിങ്ങൂരിലെ കേന്ദ്രത്തിൽ ക്വാറന്റൈനിൽ കഴിഞ്ഞവരാണ്.

കോടശേരി പഞ്ചായത്തിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഒരാൾക്കും പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം വീണ്ടും ശക്തമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും.