മുപ്ലിയം: കുറുമാലിപ്പുഴയുടെ സമീപമുള്ള ഏറ്റവും ഉയരമുള്ള പ്രദേശമായ മത്തുമലയിൽ വെള്ളം എത്തിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് പരിഹാരം. മത്തുമല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമായി. കൊടകര ബ്ലോക്ക് പഞ്ചായത്തും വരന്തരപ്പിള്ളി പഞ്ചായത്തും വകയിരുത്തിയ തുക ഉപയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
പൂർത്തിയായ ഒന്നാം ഘട്ടത്തിൽ പതിനാലാം വാർഡിലെ പകുതി ജനങ്ങൾക്ക് പ്രയോജനപ്പെട്ട പദ്ധതി രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ മുഴുവൻ പേർക്കും പ്രയോജനപ്പെടും. ആദ്യകാല പഞ്ചായത്ത് അംഗങ്ങളായ പി.എം. ഗോപാലനും അച്ചുതൻ പൂത്തെറ്റിയുമാണ് പദ്ധതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എൻ. ജയൻ, പഞ്ചായത്ത് അംഗം കൃഷ്ണൻകുട്ടി പൊട്ടനാട് എന്നിവരുടെ കഠിന പ്രയത്‌നമാണ് പദ്ധതി ലക്ഷ്യം കണ്ടത്.
മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ ജയശ്രീ കൊച്ചു ഗോവിന്ദൻ, കെ.ജെ. ഡിക്‌സൺ, എം.എൻ. ജയൻ, വി.കെ. ലതിക, കൃഷ്ണൻകുട്ടി പൊട്ടനാട് തുടങ്ങിയവർ പങ്കെടുത്തു.