തൃശൂർ: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണം പാലിച്ച് ഹോട്ടലുകൾ ജൂൺ 9 മുതൽ തുറന്ന് പ്രവർത്തിക്കും. 8ന് സ്ഥാപനങ്ങൾ അണു നശീകരണം നടത്തും. ഹോട്ടലുടമകൾ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ സംഘടന എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക് നിരവധി ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിതീവ്ര മേഖലകളിൽ രോഗം പടരാതിരിക്കാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്ഥാപനങ്ങൾ അടച്ചിടും. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഹോട്ടലുകൾ തുറക്കാത്ത സാഹചര്യം ചൂഷണം ചെയ്ത്, യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങളിലുള്ള അനധികൃത ഭക്ഷണ വിതരണം ആരോഗ്യ വകുപ്പ് നിയന്ത്രിക്കണമെന്നും, ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ വീഡിയോ കോൺഫറൻസ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ ജി.കെ പ്രകാശ്, സി. ബിജുലാൽ, ജില്ലാ ഭാരവാഹികളായ സുന്ദരൻ നായർ, അമ്പാടി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.