online-education
തൃത്തല്ലൂർ യു.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടി.വി. പ്രതാപൻ എം.പി ടി.വി വിതരണം ചെയ്യുന്നു.

വാടാനപ്പള്ളി: സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കി തൃത്തല്ലൂർ യു.പി. സ്‌കൂൾ. സ്‌നേഹപൂർവം ട്രസ്റ്റും പൂർവ വിദ്യാർത്ഥികളും ചേർന്നാണ് സഹായം ഒരുക്കിയത്.

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്തോടെ പഠനസൗകര്യം ഇല്ലാതെ വിഷമത്തിലായ സ്‌കൂളിലെ കുട്ടികളെ കണ്ടെത്തിയാണ് പഠന സൗകര്യം ഒരുക്കിയത്. പ്രശ്‌നങ്ങൾ നേരിട്ടറിയുന്ന സ്‌കൂളിലെ അദ്ധ്യാപകനും ട്രസ്റ്റ് സെക്രട്ടറിയുമായ കെ.എസ്. ദീപൻ ഇക്കാര്യം ട്രസ്റ്റ് ചെയർമാൻ ടി.എൻ. പ്രതാപൻ എം.പിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. എം.പിയുടെ നിർദ്ദേശപ്രകാരം 'അതിജീവനം എംപീസ്' വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ സഹകരണം കൂടി വാഗ്ദാനം ചെയ്തു.

ഒറ്റ ദിവസം കൊണ്ട് കുട്ടികളെ കണ്ടെത്തി പദ്ധതി പൂർത്തിയാക്കിയാണ് ഇന്നലെ ടി.വികൾ വിതരണം ചെയ്തത്.

സ്‌കൂൾ അധികൃതർ നൽകിയ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് അനുസരിച്ച് കുട്ടികളുടെ വീടുകളിൽ നേരിട്ട് സന്ദർശനം നടത്തി വിലയിരുത്തിയാണ് ലിസ്റ്റ് രൂപീകരിച്ചത്.

ടി.എൻ. പ്രതാപൻ എം.പി ടി.വികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടി.വികൾ നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം. ഹെഡ്മിസ്ട്രസ് സി.പി. ഷീജ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ദീപൻ പദ്ധതി വിശദീകരണം നടത്തി. എ.എ. ജാഫർ, ടി.ബി. ഷീല, പി.പി. ജ്യോതി, പി.വി. ശ്രീജാ മൗസമി, എ.ബി. ബേബി, വി.പി. ലത എന്നിവർ പ്രസംഗിച്ചു. സനീഷ് വത്സൻ, അർജ്ജുൻ, ലതീഷ്, അമൽ, ശ്രീരാഗ്, വിനായക്, അഭിനാഥ്, സ്വപ്ന ബൈജു എന്നിവരാണ് പദ്ധതിയുമായി സഹകരിച്ചത്.