തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിലടക്കം നൽകുന്ന ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ ഗുണനിലവാരം ഇല്ലാത്തതാണെന്ന ആക്ഷേപം ശക്തമാകുന്നു. ഗവ. മെഡിക്കൽ കോളേജിൽ സീനിയർ ഡോക്ടർമാർക്കും പി.ജി വിദ്യാർത്ഥികൾക്കും നൽകുന്ന പി.പി.ഇ (പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്യുപ്പ്‌മെന്റ്) ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്ന മാനദണ്ഡം പാലിക്കാത്തതാണെന്നാണ് ആരോപണം.

ജില്ലാ ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയെങ്കിലും അവിടേയ്‌ക്കെത്തുന്ന കൊവിഡ് സംശയിക്കപ്പെടുകയോ നിരീക്ഷണത്തിലുള്ളതോ ആയ ഗർഭിണികളെയും ഇപ്പോൾ ഗവ. മെഡിക്കൽ കോളേജിലേയ്ക്കാണ് പറഞ്ഞുവിടുന്നത്. വിദേശത്തു നിന്നും എത്തിയവരും കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഇവിടെ ചികിത്സയ്ക്കായെത്തുന്നുണ്ട്. ഈ സ്വഭാവത്തിലുള്ള 35 കേസുകളാണ് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ വന്നത്. ഇതിൽ കൊവിഡ് പൊസിറ്റീവായ ഗർഭിണികളും ഉണ്ടായിരുന്നു.


പി.പി.ഇ കിറ്റ്


ഗോഗിൾസ്, ഫേസ് ഷീൽഡ്, ഗ്ളൗവ്, ഗൗൺ, എൻ 95 മാസ്‌ക്, ഹെഡ് കവർ, ഷൂ കവർ എന്നിവ ഉൾപ്പെട്ടതാണ് ഒരു പി.പി.ഇ കിറ്റ്. ഗവ. മെഡിക്കൽ കോളേജിൽ ഉപയോഗിക്കുന്ന കിറ്റിലെ ഗൗൺ ധരിച്ച ശേഷം സിബ്ബ് വലിച്ചാൽ പൊട്ടിപ്പോകും. പലപ്പോഴും പ്ലാസ്റ്റർ ഇട്ട് ഒട്ടിച്ചാണ് ഡോക്ടർമാർ ഗൗൺ ധരിക്കുന്നത്. മെഡിക്കൽ കോളേജിൽ വിതരണം ചെയ്യുന്ന ഫാസ്റ്റൻ കമ്പനിയുടെ പി.പി.ഇ കിറ്റിലെ ഗൗണിലൂടെ വെള്ളവും രക്തവും കയറുന്ന അവസ്ഥയാണ്. വൈറസ് പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ള എൻ 95 എന്ന പേരിൽ നൽകുന്നത് എൻ 85 മാസ്‌കാണത്രേ. വൈറസുകളെ 95 ശതമാനത്തിലധികം പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് എൻ 95 മാസ്‌ക്കുകൾ. എൻ. 85 മാസ്‌ക്കുകൾ ധരിക്കുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാദ്ധ്യത 25 ശതമാനത്തിലേറെയാണ്.

പരാതിയുമായി പി.ജി വിദ്യാർത്ഥികൾ

സുരക്ഷാ ഉപകരണങ്ങൾ ഗുണനിലവാരമില്ലാത്തതാണെന്ന പി.ജി വിദ്യാർത്ഥികളുടെ പരാതി മെഡിക്കൽ കോളേജ് അധികൃതർ അവഗണിച്ചതായി പറയുന്നു. ആർ.എം.ഒ ഡോ. സി.ടി മുരളിയോട് പരാതിപ്പെട്ടപ്പോൾ വേറെ മാസ്കില്ലെന്നും എൻ 85 ന് ഒപ്പം സർജിക്കൽ മാസ്‌ക്ക് കൂടി ധരിക്കാനുമായിരുന്നു മറുപടി. സമീപകാലത്ത് ഗവ. മെഡിക്കൽ കോളേജിലെത്തുന്ന സർജിക്കൽ മാസ്‌കുകൾ ഗുണനിലവാരമില്ലാത്തതാണെന്ന ആക്ഷേപം നിലനിൽക്കവേയാണ് മറുപടി. മൂന്ന് പാളികളുള്ളതാണ് സർജിക്കൽ മാസ്‌കെങ്കിലും മെഡിക്കൽ കോളേജിൽ ഇപ്പോൾ ലഭ്യമാകുന്ന മാസ്‌ക് പലപ്പോഴും രണ്ട് പാളികൾ പോലും സുരക്ഷാകവചമായി ഇല്ലാത്തതാണ്.