മൊത്തം 3 മരണം
ഈ മാസം നൂറ് പേർക്ക് രോഗം
തൃശൂർ: സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നത് ആശ്വസിക്കാൻ വക നൽകുന്നുണ്ടെങ്കിലും ഈ മാസം എട്ടു ദിനം പിന്നിടുമ്പോൾ ജില്ലയിൽ 100 പേരുടെ രോഗസ്ഥിരീകരണം വിരൽചൂണ്ടുന്നത് ആപത് സൂചനയിലേക്ക്. ഇന്നലെയും ഞായറാഴ്ചയും രണ്ടു പേർ ചികിത്സയിലിരിക്കെ മരിച്ചതോടെ പതിൻമടങ്ങ് ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
തൃശൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയാണ് ഞായറാഴ്ച മരിച്ചത്. അദ്ദേഹവുമായി ഐസൊലേഷൻ വാർഡിലും മറ്റും ഇടപെട്ട ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരടക്കം 40 പേരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കി. ചികിത്സയിലിരുന്നത് ഐസൊലേഷൻ വാർഡിലായതിനാൽ സാമൂഹിക വ്യാപനത്തിന് സാദ്ധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നതെങ്കിലും ആശ്വസിക്കാറായിട്ടില്ല.
ഞായറാഴ്ചയിലെ 26 രോഗികളിൽ 11 പേരും ഹോട് സ്പോട്ട് ആയ മുംബയിലുളളവരായിരുന്നു. അവരിൽ ഇരിങ്ങാലക്കുട സ്വദേശികളായ ഒരു കുടുംബത്തിലെ 8 പേരുമുണ്ട്. ജനുവരി 30 ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച ജില്ലയിൽ മാർച്ചിലും ഏപ്രിലിലുമെല്ലാം രോഗം നിയന്ത്രണവിധേയമായിരുന്നു. ഒരു മാസത്തിലേറെക്കാലം രോഗബാധിതരില്ലായിരുന്നു. ഗ്രീൻ സോണിലായിരുന്നതിനാൽ സുരക്ഷിത ജില്ലകളിലൊന്നായി. അന്യസംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും മലയാളികൾ തിരിച്ചെത്തിയതോടെ കൊവിഡ് ഗ്രാഫ് കുതിച്ചുയർന്നു. മേയ് 20 ന് മുംബയിൽ നിന്നെത്തിയ വയോധികയുടെ മരണത്തോടെ ആശങ്ക ശക്തമായി.
നെഞ്ചിടിപ്പേറിയ ദിനങ്ങൾ:
ജനുവരി 30: വുഹാനിൽ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനിക്ക് കൊവിഡ്. രാജ്യത്തെ ആദ്യകേസ്.
മേയ് 20: ആദ്യ കൊവിഡ് മരണം. ചാവക്കാട് സ്വദേശിനി കദീജക്കുട്ടിയ്ക്ക് രോഗബാധ മുംബയിൽ നിന്ന്.
ജൂൺ 1: 9 പേർക്ക് കൊവിഡ്
ജൂൺ 2: 6 രോഗികൾ
ജൂൺ 3: 4 രോഗികൾ
ജൂൺ 4: 4 രോഗികൾ
ജൂൺ 5: 8 രോഗികൾ
ജൂൺ 6: 16 രോഗികൾ
ജൂൺ 7: 26 രോഗികൾ. മരണം 2. ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ. ഉറവിടം അജ്ഞാതം
ജൂൺ 8: 27 രോഗികൾ. മൂന്നാം മരണം. ചാലക്കുടി സ്വദേശി ഡിനി
മെഡിക്കൽ കോളേജിലും പ്രതിസന്ധി
മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡ് നിറയുന്നതിനാൽ കടുത്ത നിയന്ത്രണമുണ്ട്. കൂടുതൽ രോഗികളെത്തിയാൽ പ്രവേശിപ്പിക്കാൻ സ്ഥലമില്ല. അങ്ങനെയെങ്കിൽ ചില ചികിത്സാ വിഭാഗങ്ങൾ അടയ്ക്കേണ്ടി വരും. ജനറൽ മെഡിസിൻ ബ്ലോക്കിലെ 4 വാർഡുകളാണ് രോഗികൾക്കായി മാറ്റിവച്ചത്. ഓരോ വാർഡിലും 40 രോഗികളെയാണ് അകലം പാലിച്ച് കിടത്തുന്നത്. രോഗം സ്ഥിരീകരിച്ചവർ, രോഗലക്ഷണം പ്രകടിപ്പിക്കുന്നവർ, സമ്പർക്കം സംശയിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളായി കിടത്തേണ്ടതുണ്ട്. രോഗികൾ കൂടിയതോടെ സ്ഥലം കുറഞ്ഞു. ഐസൊലേഷൻ വാർഡും നിറഞ്ഞു.