sivanjali
മുറിച്ചെടുത്ത മുടിയുമായി ശിവാഞ്ജലി

മാള: ജനന മാസത്തിൽ മുടി വെട്ടരുതെന്ന വിശ്വാസമൊന്നും ശിവാഞ്ജലിക്ക് തടസമായില്ല. ജന്മദിനത്തിൽ തന്നെ മുടി മുറിച്ചു, അർബുദ രോഗികൾക്കായി. ജന്മദിനത്തിലെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയാണ് ഈ പ്ലസ്‌ടു വിദ്യാർത്ഥി തന്റെ മുടി 20 ഇഞ്ച് നീളത്തിൽ മുറിച്ചത്. മുറിച്ചെടുത്ത മുടി തൃശൂർ ഹെയർ ബാങ്ക് സംഘടനയ്ക്ക് അയച്ചുകൊടുത്തു. ഇരിങ്ങാലക്കുട സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയായ ശിവാഞ്ജലി ഇതിന് മുമ്പ് മുടി മുറിച്ചിട്ടുള്ളത് അഞ്ച് വയസുള്ളപ്പോഴാണ്. പിന്നീട് നിധി പോലെ കരുതി പരിപാലിച്ച് വളർത്തിയെടുത്ത മുടി ഒരിക്കൽ പോലും മുറിച്ചിട്ടില്ല. അമ്മ നിരവധി തവണ പറഞ്ഞിട്ടും മുടിയുടെ അറ്റം പോലും മുറിക്കാൻ മനസ് കാണിക്കാത്ത ശിവാഞ്ജലി അർബുദ രോഗികളുടെ പ്രയാസം തിരിച്ചറിഞ്ഞാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. മാളയ്ക്കടുത്ത് തൻകുളം കൊനേരിപ്പറമ്പിൽ എൽ.ഐ.സി ഏജന്റായ മുരുകന്റെയും ബിന്ദുവിന്റെയും മകളാണ് ശിവാഞ്ജലി.

..................

'മുടിയില്ലാതെ കഴിയുന്ന അർബുദ രോഗികളുടെ പ്രയാസം നിരവധി കണ്ടിട്ടുണ്ട്. അവർ കഴിയുന്ന സമൂഹത്തിൽ ഏറെ മുടി പരിചരിച്ച് കാഴ്ചയ്ക്കായി കൊണ്ടുനടക്കുന്നത് ശരിയല്ലെന്ന് മനസിലാക്കിയാണ് നല്ല ദിവസം അതിനായി തിരഞ്ഞെടുത്തത്.

ശിവാഞ്ജലി

.