കയ്പമംഗലം: അന്തേവാസിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ മഠാധിപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടാലി സ്വദേശി കൂട്ടാല പറമ്പിൽ ബാബു എന്ന ബാബു സ്വാമിയെയാണ് (45) മതിലകം സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അസുഖ ബാധിതരായവർ ഉൾപ്പെടെയുള്ളവരെ പരിപാലിക്കുന്ന ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠത്തിന്റെ അധിപതിയാണ് ബാബു സ്വാമി.
മഠത്തിലെ അന്തേവാസിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജില്ലയിലെ വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. അതിരഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുട്ടനെല്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. എസ്.ഐ സൂരജ്, എ.എസ്.ഐ ജിജിൽ, എസ്.സി.പി .ഒമാരായ ജിബിൻ, ഷിജു, സി.പി.ഒമാരായ ശ്രീരാഗ്, സബിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.