തൃശൂർ: ജില്ലയിൽ സർവീസുകൾ വർദ്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി. തൃശൂർ, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ ഡിപ്പോകളിൽ നിന്നായി ഫാസ്റ്റ്, ഓർഡിനറി ബസുകളാണ് കൂടുതലായി സർവീസ് നടത്തിയത്. തൃശൂർ ഡിപ്പോയിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെ ദിവസവും അര മണിക്കൂർ ഇടവിട്ട് പത്ത് ബസുകളാണ് സർവീസ് നടത്തുന്നത്.
എറണാകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിലേക്കും 40 മിനിറ്റ് ഇടവേളയിൽ പത്ത് ബസുകൾ സർവീസ് നടത്തി. ഇവയിലെല്ലാം ഫുൾ സീറ്റിംഗിലാണ് സർവീസ് നടത്തിയത്. സ്വകാര്യ ബസുകൾ ഓട്ടം നിറുത്തിയ കുന്നംകുളം, വാടാനപ്പിള്ളി, ഗുരുവായൂർ, വടക്കാഞ്ചേരി ഭാഗങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂടുതലായി ഓടിച്ചു. ചേലക്കര, ഒറ്റപ്പാലം ഭാഗങ്ങളിലേക്കും ബസുകളുണ്ടായി. തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ഓർഡിനറി സർവീസുകളും ഇന്നലെ സജീവമായിരുന്നു.
രാവിലെ 8.40, 9.40, 12.40, വൈകീട്ട് 6, രാത്രി 7.30 എന്നീ സമയങ്ങളിലാണ് ബസുകൾ ഓടിയത്. വരും ദിവസങ്ങളിലും ഈ സർവീസ് ഇതേ സമയത്തുണ്ടാകും. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുതൽ തൃശൂർ വരെ സർവീസ് നടത്തുന്ന കെ. എസ്. ആർ. ടി. സി ബസുകൾ കുന്നംകുളം ഭാഗങ്ങളിൽ നിന്നു തൃശൂരിലേക്ക് വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അനുഗ്രഹമായി. ഇന്നലെ തൃശൂർ ഡിപ്പോയിൽ നിന്ന് 42 ബസുകളാണ് സർവീസ് നടത്തിയതെന്ന് സ്റ്റേഷൻ മാസ്റ്റർ വ്യക്തമാക്കി. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് മൂന്ന് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇവിടെ മേയ് 20 മുതൽ 37 സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്.