വടക്കെക്കാട്: ആശുപത്രി ജീവനക്കാരന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ഡി.എം.ഒയുടെ നിർദ്ദേശ പ്രകാരം ആശുപത്രി അടച്ചിട്ടു. താത്കാലിക ജീവനക്കാരനായ ഇദ്ദേഹം തൃശൂർ ശക്തൻ മാർക്കറ്റിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ പരിശോധിക്കാൻ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു തൃശൂരിൽ ആരോഗ്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് സാദ്ധ്യതകളാണ് രോഗം ഉണ്ടാകാൻ കാരണമായി വിലയിരുത്തുന്നത്.

ആശുപത്രിയിലെത്തുന്ന രോഗികളുമായി ഈ ജീവനക്കാരന് യാതൊരു സമ്പർക്കവും ഇല്ലെന്നത് വ്യാപനത്തിന്റെ വ്യാപ്തി കുറക്കുന്നു. പക്ഷേ ജീവനക്കാരുമായി നേരിട്ട് ഇടപഴകിയിട്ടുണ്ട്, ആശുപത്രിയിൽ താത്കാലിക ജീവനക്കാർ അടക്കം 55ഓളം ജീവനക്കാരാണുള്ളത്. രണ്ട് ദിവസം മുൻപ് പനി ലക്ഷണമുണ്ടായി, തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടു. പിന്നീടാണ് ടെസ്റ്റ് നടത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ഫലം വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആശുപത്രി പൂട്ടിയിടാൻ തീരുമാനിച്ചത്. ആശുപത്രിയിൽ തന്നെ ജീവനക്കാർക്ക് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.