kanjav

തൃശൂർ: പിക് അപ് വാഹനത്തിൽ ഉണക്കമീൻ ട്രേയിൽ അടുക്കിയും രഹസ്യ അറയിലുമായി കടത്തുകയായിരുന്ന രണ്ടരക്കോടി മതിപ്പ് വിലയുളള 170 കിലോ കഞ്ചാവ് സഹിതം രണ്ടു പേരെ എക്സൈസ് പിടികൂടി. തൃശൂർ ആനന്ദപുരം മുല്ലശ്ശേരി വീട്ടിൽ ഷിജു (40), ആലത്തൂർ തഞ്ചകുളം വീട്ടിൽ അഭിലാഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവര പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ലോക്ക് ഡൗണിൽ ജില്ലയിൽ വൻതോതിൽ ലഹരിമരുന്നുകൾ കഞ്ചാവ് മാഫിയ എത്തിക്കുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. പിക്കപ്പ് വാഹനത്തിന്റെ ബോഡിയിലാണ് പ്രത്യേക രഹസ്യ അറ ഒരുക്കിയത്. സമീപകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ് തൃശൂരിൽ ഇന്റലിജൻസ് നടത്തിയതെന്നും തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ വി.എ. സലിം പറഞ്ഞു. ലോക്ക് ഡൗണിൽ മദ്യലഭ്യത കുറഞ്ഞതാണ് ലഹരി മരുന്ന് കടത്ത് വ്യാപകമാകുന്നതിന് പിന്നിലെന്നും ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. മോഹനൻ അറിയിച്ചു. ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ അസി. ഇൻസ്‌പെക്ടർ മണികണ്ഠൻ, ഇന്റലിജൻസ് ഓഫീസർമാരായ കെ.എസ്. ഷിബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.