കാഞ്ഞാണി: കാരമുക്ക്പള്ളി കുന്നത്ത് ഡേവീസിന്റെ 22 കാരിയായ മകൾ ഡെലീഷയുടെ കാർഷിക സ്വപ്നങ്ങൾക്ക് നിറം പകരാൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ടെത്തിയത് വീട്ടുകാരെ അമ്പരപ്പിച്ചു. എം.കോം ബിരുദധാരിയായ ഈ യുവതി ലക്ഷണമൊത്ത ഇന്ധന ടാങ്കർ ലോറി ഡ്രൈവറും ഫയർ ആൻഡ് സേഫ്റ്റി ഡ്രൈവിംഗ് ലൈസൻസ് നേടിയ ഏക വനിതയുമാണ്.
കൊവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിൽ കൃഷിയിലേക്ക് തിരിയാനുള്ള ഡെലീഷയുടെ ആഗ്രഹം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് കൃഷിമന്ത്രി ഡെലീഷയെ തേടി വീട്ടിലെത്തിയത്. കോൾ പാടങ്ങളിൽ ട്രാക്ട്ടർ പുട്ടുന്നതിൽ പ്രാവിണ്യം നേടിയ ഇവർക്ക് സബ്‌സിഡി നിരക്കിൽ ട്രാക്ട്ടർ അനുവദിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ഓപറേഷൻ കോൾഡബിൾ ലെയ്‌സൺ ഓഫീസർ എ.ജെ വിവെൻസി, മണലൂർ കൃഷി ഓഫീസർ ഒ.എം. നിഖിത എന്നിവർക്ക് ഇത് സംബംന്ധിച്ച് മന്ത്രി നിർദ്ദേശങ്ങൾ നൽകി. കേരള ചീഫ് വിപ്പ് അഡ്വ. കെ. രാജനും ഡെലീഷയെ അഭിനന്ദിക്കാൻ വീട്ടിലെത്തിയിരുന്നു.