ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ദർശനത്തിനായി 500 പേർ ബുക്ക് ചെയ്തെതെങ്കിലും അനുമതി ലഭിച്ചത് മുന്നൂറ് പേർക്ക് മാത്രം. ഓൺലൈനായി ബുക്ക് ചെയ്യുന്ന അറുന്നൂറ് പേർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബുക്ക് ചെയ്തവരിൽ ഇരുന്നൂറ് പേർ ഇ - മെയിൽ അഡ്രസ് നൽകാത്തതിനാൽ ദേവസ്വം ഓഫീസിൽ നിന്നു ടോക്കൺ അയയ്ക്കാൻ സാധിച്ചില്ല. www.guruvayurdevaswom.inൽ നിന്നു ലഭിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.
ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യൂ ആർ കോഡ് അടങ്ങിയ ടോക്കണിന്റെ പ്രിന്റെടുത്ത് തിരിച്ചറിയൽ കാർഡുമായി വേണം എത്താൻ. ഇവരെ കിഴക്കേനടയിലെ ക്യൂ കോംപ്ലക്‌സ് വഴിയാണ് പ്രവേശിപ്പിക്കുക. അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുമ്പ് ക്യൂ കോംപ്ലക്‌സിൽ റിപ്പോർട്ട് ചെയ്യണം. ആറ് അടി അകലത്തിലാണ് വരി നിറുത്തുക. നിൽക്കേണ്ട സ്ഥാനം വൃത്തം വരച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.