തൃശൂർ: മാലദ്വീപിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. വിജയരാഘവപുരം അസീസി നഗർ പാണാംപറമ്പിൽ ഡിന്നി ചാക്കോയാണ് (46) മരിച്ചത്. സംസ്ഥാനത്ത് ഇതോടെ 17 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
തൃശൂരിൽ 24 മണിക്കൂറിനിടെയുള്ള രണ്ടാം കൊവിഡ് മരണമാണിത്. നോർത്ത് ചാലക്കുടിയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കൊവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ഹൃദയസ്തംഭനം എന്നീ രോഗങ്ങളും മരണ കാരണമായെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. വൃക്ക സ്തംഭനത്തിന് ഹീമോഡയാലിസിസും ശ്വാസതടസത്തിന് വെന്ററിലേറ്റർ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണമെന്നാണ് പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നത്.
മാലദ്വീപിൽ അദ്ധ്യാപകനാണ് ഡിന്നി. ഭാര്യ ജിന്നു നഴ്‌സാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഭാര്യാ മാതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി. 3 വയസുള്ള മകൻ സോഹനും ഭാര്യാ മാതാവുമായി കുടുംബം മേയ് 10നാണ് കപ്പലിൽ കൊച്ചിയിലെത്തിയത്. പോട്ടയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അനുവദിച്ചു. ഇതിനിടെ, 16ന് ഡിന്നിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നുതന്നെ മറ്റു മൂന്ന് പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഭാര്യാ മാതാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യയും മകനും വീട്ടിൽ ക്വാറൻ്റൈനിലാണ്. ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. വൈകിട്ട് സ്വകാര്യആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം. മുംബയിൽ നിന്നെത്തിയ വയോധിക മേയ് 20 ന് ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടിയാണ് (68) മരിച്ചത്. ഇതോടെ ജില്ലയിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു.