ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് ഫോട്ടോയെടുക്കാനുള്ള അവകാശം ഒന്നോ രണ്ടോ പേർക്ക് മാത്രം നൽകുന്ന നടപടിയിൽ നിന്ന് ദേവസ്വവും ഭരണകൂടവും പിൻമാറണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. അതിനിടെ അപൂർവമായി ലഭിക്കുന്ന വരുമാനമാണ് ലളിതമായി നടക്കുന്ന വിവാഹങ്ങളെന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നു.

വിവാഹത്തിനായി ക്ഷേത്രത്തിൽ വരുന്നർ ദേവസ്വം ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫർമാരുടെ സേവനം സ്വീകരിക്കാൻ നിർബന്ധിതമാകുന്നതോടെ മറ്റുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇതുമൂലം ആൽബം നിർമ്മാണത്തിലൂടെയുള്ള വരുമാനവും നഷ്ടമാകും. എല്ലാവർക്കും തൊഴിൽ ലഭിക്കുംവിധം ക്രമീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, ജനറൽ സെക്രട്ടറി അജീഷ് കെ.എ, ജില്ലാ സെക്രട്ടറി കെ.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.