തൃശൂർ : കഴിഞ്ഞ ദിവസം എങ്ങണ്ടിയൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അവ്യക്തത. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ ലാബിലേക്കയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് 87കാരനായ കുമാരൻ എന്നയാൾ കൊവിഡ് ബാധിച്ച് മരിച്ചതായി വാർത്ത വന്നത്. ഇതു സംബന്ധിച്ച് സ്ഥീരീകരണം നൽകാൻ ജില്ലാ ഭരണകൂടവും ഡി.എം.ഒയും തയ്യാറായിരുന്നില്ല. അതേസമയം തിരുവനന്തപുരം ആരോഗ്യമന്ത്രാലയത്തിൽ നിന്ന് കൊവിഡ് ബാധിച്ച് തൃശൂർ എങ്ങണ്ടിയൂർ സ്വദേശി മരിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു.
എന്നാൽ പ്രാഥമിക പരിശോധനയിലാണ് കൊവിഡ് വൈറസ് ഇയാളിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരണമടഞ്ഞിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ വിവരം പുറത്തുവിടാൻ പാടൂള്ളവെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടതായും ആക്ഷേപമുണ്ട്. ഇന്നലെ ജില്ലയിൽ ചാലക്കുടി സ്വദേശിയുടെ മരണം മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളു.
മരണം സംബന്ധിച്ച് ജില്ലാ കളക്ടർക്കും ഡി.എം.ഒവിനും രേഖമൂലമുള്ള അറിയിപ്പ് ലഭിച്ചില്ലെന്നും പറയുന്നു.
ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് അമ്പതിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരിൽ നിന്ന് കൂടുതൽ പേർക്ക് രോഗം പകരാനുള്ള സാദ്ധ്യത ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്.