കൊടുങ്ങല്ലൂർ: തൃശൂരിലേക്കുള്ള കൊടുങ്ങല്ലൂർക്കാരുടെ യാത്ര അതീവ ദുഷ്കരമാകുന്നു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്നുള്ള ഉത്തരവ് വന്നതോടെ കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലെ ജോലി സ്ഥലങ്ങളിലേക്ക് എത്തേണ്ടവർ പലരും നിരാശരായി തിരികെ മടങ്ങി. മണിക്കൂറുകളോളം കാത്തു നിന്ന ശേഷം കെ.എസ്.ആർ.ടി.സിക്കാരെ പഴിച്ചാണ് ഇവരെല്ലാം തിരികെ മടങ്ങിയത്. പുതിയ സാഹചര്യത്തിലെ സർവീസിംഗ് താങ്ങാനാകില്ലെന്നതിന്റെ പേരിൽ സ്വകാര്യ ബസുകൾ നിരത്തിൽ നിന്നും പിന്മാറിയപ്പോൾ പകരം ആശ്രയമാകേണ്ട കെ.എസ്.ആർ.ടി.സി കൂടി തിരക്കേറിയ സമയങ്ങളിൽ നിരത്തിലില്ലാതായതാണ് യാത്രക്കാർക്ക് വിനയായത്. കെ.എസ്.ആർ.ടി.സി കൊടുങ്ങല്ലൂർ ഓപറേറ്റിംഗ് സെന്ററിൽ നിന്നും നാലും ഇരിങ്ങാലക്കുടയിൽ നിന്നും മൂന്നും ബസുകൾ വീതം സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയുടെ സമയ ക്രമീകരണം ശരിയായില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതിന് പരിഹാരമുണ്ടാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബസുകളുടെ സമയ ക്രമീകരണത്തിലെ അപാകത പരിഹരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.