ചാലക്കുടി: ജില്ലാ പഞ്ചായത്തിന്റെ ഒപ്പം പദ്ധതി, മേലൂരിൽ ഒരു കുടുംബത്തിലെ ആറ് വിദ്യാർത്ഥികൾക്ക് ഒപ്പമെത്തിയപ്പോൾ അവരോടൊപ്പം മനം നിറഞ്ഞത് നിരവധി പേർക്ക്. ശാന്തിപുരം ഡിവൈൻ നഗർ കോളനിയിലെ കൃപാലയം ഗബ്രിയേലിന്റെ ആറ് മക്കൾക്കാണ് മനം നിറയെ പാഠ്യ വിഷയങ്ങൾ ഹൃദ്യമാക്കാൻ അവസരം കൈവന്നത്. ഇവരോടൊപ്പം കോളനിയിലെ മറ്റുകുട്ടികളും തൊട്ടടുത്ത വീട്ടിലെ പഠന മുറിയിലെത്തും.
ജൂൺ ഒന്നു മുതൽ ഇവരെല്ലാം അയൽ വീട്ടിലെ ഒരാളുടെ ഫോണിൽ നോക്കിയാണ് പഠനം നടത്തിയത്. ഒപ്പം പദ്ധതി എന്ന പേരിൽ ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ സമ്മാനിക്കുകയാണ് ജില്ലാ പഞ്ചായത്ത്. അഡ്വ. കെ.ആർ. സുമേഷാണ് കൊരട്ടി തന്റെ ഡിവിഷനിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോളനിയിലെ കുട്ടികളുടെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉദാരമതികളുടെ സഹായത്തോടെ ഇവിടേക്കും ടെലി വിഷൻ എത്തിക്കുകയായിരുന്നു.
കേരള വിഷന്റെ കണക്‌ഷൻ സൗജന്യമായി എത്തിക്കാൻ പൂലാനിയിലെ തരുണും തയ്യാറായി. വാർഡ് മെമ്പർ എം.എസ്. ബിജുവാണ് പ്രശ്‌നം ഡിവിഷൻ അംഗത്തെ അറിയിച്ചത്. ടി.വി.യുടെ കൈമാറ്റം അഡ്വ.കെ.ആർ. സുമേഷ് നിർവഹിച്ചു. ശാന്തിപുരം ഡിവൈൻ കെയർ ഡയറക്ടർ ഫാ. ജാൻസൻ കൂട്ടുങ്ങൽ, പഞ്ചായത്ത് അംഗങ്ങളായ സി.കെ. വിജയൻ, കുടുംബശ്രി വൈസ് ചെയർപേയ്‌സൺ സുജ ജോയ് എന്നിവർ സന്നിഹിതരായിരുന്നു.