പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ്സിൽ തോറ്റ 42 വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചതിൽ എസ്.എഫ്.ഐ മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി അന്വേഷിക്കുക, വിദ്യാർത്ഥികൾക്ക് സേ പരീക്ഷ അനുവദിക്കുക, അദ്ധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്എഫ്.ഐ സമരത്തിൽ ഉന്നയിച്ചു.
എസ്.എസ്.എൽ.സി വിജയശതമാനം കൂട്ടാൻ വേണ്ടിയാണ് ബോധപൂർവ്വം ഈ പ്രവൃത്തിക്ക് സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറായതെന്നും എസ്.എഫ്.ഐ. ആരോപിച്ചു. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസൻ മുബാറക്ക് സമരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.ബി. അമൽ, പ്രസിഡന്റ് സരിത, കെ.വി. ജിഷ്ണു, എ.ആർ. ഹരീഷ്, എം.ആർ. അഞ്ജന അനസ്സ് എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു.