വടക്കാഞ്ചേരി: ഉത്രാളിക്കാവ്, മച്ചാട് തിരുവാണിക്കാവ് വടക്കാഞ്ചേരി ശിവക്ഷേത്രം തുടങ്ങി കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള താലൂക്കിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും. സർക്കാരിന്റെ നിർദ്ദേശം പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്.
ക്ഷേത്രങ്ങളിൽ നടപ്പിലാക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഇന്നലെ ദേവസ്വം ഓഫീസർമാരുടെയും ജീവനക്കാരുടെയും യോഗം ചേർന്ന് വിലയിരുത്തി. ക്ഷേത്ര ദർശനത്തിനെത്തുന്നവർ മാസ്‌ക് നിർബദ്ധമായും ധരിച്ചിരിക്കണം.10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ക്ഷേത്രത്തിൽ പ്രവേശിക്കരുത്. ഭക്തർ സാമൂഹികഅകലം പാലിക്കണം.
പേര്, വിലാസം, ഫോൺ നമ്പർ, ക്ഷേത്രത്തിൽ പ്രവേശിച്ച സമയം, പുറത്തു പോകുന്ന സമയം എന്നിവ രേഖപ്പെടുത്തണം. പ്രവേശിക്കുന്നതിന് മുമ്പായി കൈ സോപ്പ് ഉപയോഗിച്ചു് കഴുകണം. ഭക്തർ സ്വയം എടുക്കുന്ന രീതിയിൽ ചന്ദനം, തീർത്ഥം എന്നിവ വയ്ക്കാൻ പാടുള്ളതല്ല. ക്ഷേത്രനട തുറക്കുന്നതും അടയ്ക്കുന്നതും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെയായിരിക്കും.