പാവറട്ടി: വെങ്കിടങ്ങ് കനോലി കനാലിൽ മാലിന്യം നിറഞ്ഞതിനെ തുടർന്ന് മഴവെള്ളം സംഭരിക്കാനാകാതെ പ്രളയഭീതിയിൽ തീരദേശം. കനാലിലെ നീരൊഴുക്കും തടസപ്പെട്ടു. മത്സ്യലഭ്യതയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ കരപ്രദേശങ്ങളിൽ രണ്ട് മീറ്റർ ഉയരത്തിലാണ് വെള്ളം കയറിയത്. ഏകദേശം മുന്നൂറ് വീടുകളിൽ വെള്ളം കയറിയതിനാൽ നൂറിലധികം വീടുകൾ പൂർണ്ണമായും തകർന്നിരുന്നു.
ഇരുന്നൂറിനടുത്ത് വീടുകൾക്ക് കേടുപാടുകൾ പറ്റി. അഡീഷണൽ ഇറിഗേഷന്റെ പരിധിയിലുള്ള കനോലി കനാലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യേണ്ടതും ദേശീയ ജലപാതയായ കനോലി കനാൽ സംരക്ഷിക്കപ്പെടേണ്ടതും ജലസേചന വകുപ്പിന്റെ ചുമതലയാണ്. തദ്ദേശ സ്ഥാപനത്തിന് തൊഴിലാളികളെ ഉപയോഗിച്ച് വഞ്ചിയിൽ ചെളി കോരാൻ കളക്ടർ അധികാരം നൽകിയിട്ടുണ്ട്.
എന്നാൽ പാടൂർ, തൊയക്കാവ് ഭാഗത്ത് രണ്ട് വഞ്ചി ഉപയോഗിച്ച് മാത്രമാണ് ചെളി നീക്കുന്നത്. ഇതുകൊണ്ട് ഏഴു കിലോമീറ്ററിലെ ചെളി മാറ്റാനാകില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തൽ.
മാലിന്യം നീക്കണം: മത്സ്യത്തൊഴിലാളി യൂണിയൻ
കനോലി കനാലിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും യന്ത്രം ഉപയോഗിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കളക്ടർക്ക് പരാതി നൽകി. മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വെങ്കിടങ്ങ് ഡിവിഷൻ കമ്മിറ്റി എക്‌സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് കെ.വി. മനോഹരൻ അദ്ധ്യക്ഷനായി. പി.എ. രമേശൻ, യു.എ. ആനന്ദൻ എന്നിവർ സംസാരിച്ചു. ഈ വർഷം രക്ഷാപ്രവർത്തനത്തിന് മുഴുവൻ മത്സ്യതൊഴിലാളികളും രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു.