തൃശൂർ: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിന്റെ പ്രവർത്തനസമയം ഇന്ന് മുതൽ 24 മണിക്കൂറാകും. ചികിത്സാസൗകര്യങ്ങളും വർദ്ധിപ്പിച്ചു. മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുളള കമ്മ്യൂണിറ്റി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയെ നിശ്ചയിച്ചു. ലഘു രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികളെ ഇവിടെ ചികിത്സിക്കും. സന്ദർശകർക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തി.

മഴക്കാല രോഗങ്ങൾക്ക് പ്രത്യേകം ശ്രദ്ധ നൽകാനും നിർദ്ദേശിച്ചു. അതേസമയം, മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പരാതികളും ഉയർന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം പനി ബാധിച്ചു മരിച്ച ഗർഭിണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി വിട്ടുകൊടുക്കാൻ കാലതാമസമുണ്ടായി.

കൊവിഡ് പരിശോധനാ നടപടിക്രമങ്ങളിൽ കുടുങ്ങുകയായിരുന്നു നടപടികൾ. പോസ്റ്റ്‌മോർട്ടം വൈകുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയപ്രവർത്തകരും ബന്ധുക്കളും ഫൊറൻസിക് വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇൻക്വസ്റ്റിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന് പൊലീസ് നിലപാടെടുത്തതോടെയാണ് പ്രശ്‌നമായത്. മരണമടയുന്ന രോഗികളുടെ സ്രവം ശേഖരിക്കുന്നതിനെ ചൊല്ലി ആശുപത്രി അധികൃതരും ഫൊറൻസിക് വിഭാഗവും തമ്മിൽ തർക്കമുണ്ടെന്നും പറയുന്നു. ഏഴ് ദിവസം ഡ്യൂട്ടി ചെയ്ത ശേഷം ആശുപത്രിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ആരോഗ്യ പ്രവർത്തകർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ ആശുപത്രിയിൽ കഴിയുമ്പോൾ ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട് . രാഷ്ടീയ പ്രവർത്തകരും സന്നദ്ധ സേവകരും ചേർന്നാണ് ഇവർക്ക് ഭക്ഷണമെത്തിക്കുന്നത്.

പുതിയ ഉത്തരവിലെ ക്രമീകരണങ്ങൾ

മരണമടഞ്ഞവരുടെ കൊവിഡ് പരിശോധനയ്ക്ക് ഫോറൻസിക് വിഭാഗം ക്രമീകരണം ഏർപ്പെടുത്തണം.

അത്യാഹിത വിഭാഗത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് സ്രവപരിശോധനയ്ക്ക് ഒരുക്കം നടത്തണം

സ്രവപരിശോധന നടത്തുമ്പോൾ സർജിക്കൽ ഗ്ളൗ, ട്രിപ്പിൾ ലെയർ എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, സർജിക്കൽ ക്യാപ്, പ്ളാസ്റ്റിക് ഏപ്രൺ, ഷൂ കവർ എന്നിവ നിർബന്ധം


ചികിത്സയ്ക്കെത്തിയ കൊവിഡ് ഇതര രോഗികൾ

ഒ.പി വിഭാഗം: 1239 പേർ.

ഐ.പി വിഭാഗം: 726