തൃശൂർ: കൊവിഡ് കൂടുതൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൃശൂരിലെ അഞ്ച് പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ 144 പ്രകാരം കൊവിഡ് 19 പ്രതിരോധ നിയന്ത്രണം ഏർപ്പെടുത്തി. രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്താണിത്.
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന കോടതികൾ, സിവിൽ സ്റ്റേഷൻ ഓഫീസുകൾ ഉൾപ്പെടെയുളള സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സർക്കാർ നിർദ്ദേശമനുസരിച്ചുള്ള ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.
അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ല. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയൊഴികെയുള്ള അവശ്യ സാധനം വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മാത്രം പ്രവർത്തിക്കാം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതും വീടുകൾ കയറിയിറങ്ങി കച്ചവടം നടത്തുന്നതും കർശനമായി നിരോധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.