ചാലക്കുടി:കൊവിഡ് ബാധിച്ചു മരിച്ച ചാലക്കുടി വി.ആർ പുരം സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യാൻ പറ്റില്ലെന്ന്
ഇടവകയായ തച്ചുടപറമ്പ് പള്ളി ഭരണ സമിതി. സെമിത്തേരിയിൽ അടക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കുടുംബാംഗങ്ങൾ അതിനായി വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
നഗരസഭയുടെ ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചശേഷം ചിതാഭസ്മം കല്ലറയിൽ സൂക്ഷിക്കാമെന്ന് പള്ളി ഭരണ സമിതി പറയുന്നു. ഇതിനോടും കുടുംബാംഗങ്ങൾ യോജിക്കുന്നില്ല.
സെമിത്തേരിയിൽ മറവു ചെയ്യുന്നതിന് പ്രോട്ടോക്കോൾ പ്രകാരം തടസമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റൊരു നിർദ്ദേശത്തിനും പ്രസക്തിയില്ലെന്നും ക്രൈസ്തവ സഭയുടെ ആചാര പ്രകാരം മറ്റൊരിടത്ത് മറവു ചെയ്യുന്നത് ഉചിതമല്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ആരോഗ്യ വകുപ്പ് അനുവദിച്ചാൽ സെമിത്തേരിയിൽ മറവു ചെയ്യുന്നതിന് വിരോധമില്ലെന്ന് പള്ളി വികാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
മാലദ്വീപിൽ നിന്നെത്തി ഇവിടെ മരിച്ച ഡിന്നിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രശ്‌നത്തിൽ ജില്ലാ കളക്ടർ ഇടപെട്ടിട്ടുണ്ടെന്ന് ഡിന്നി ചാക്കോയുടെ ബന്ധുക്കൾ അറിയിച്ചു.