മുരിയാട്: പ്രളയഭീഷണി നേരിടുന്ന കെ.എൽ.ഡി.സി കനാൽ ബണ്ട് ശുചീകരണത്തിൽ അപാകതയെന്ന് കർഷകർ. കനാലിൽ അടിഞ്ഞുകൂടിയ മണ്ണും, ചണ്ടിയും നീക്കാതെ ബണ്ടിനരികിലെ കാടും പടലും മാത്രം വെട്ടിമാറ്റിയത് ശരിയായില്ലെന്നാണ് ആക്ഷേപം. മുരിയാട് കായൽ പ്രദേശത്തെ വില്ലിച്ചിറ, താമരച്ചാൽ, പറപ്പൂക്കര നെടുമ്പാൾ, നടുപ്പാടം മാങ്ങണ്ടം, കോന്തിപുലം കോൾ പടവുകളുടെ മദ്ധ്യത്തിലൂടെ അഞ്ചു കിലോമീറ്റർ ദൂരം ഒഴുകുന്ന കെ.എൽ.ഡി.സി കനാൽ ഇറിഗേഷൻ വകുപ്പാണ് ശുചീകരിക്കുന്നത്.
കാലവർഷത്തിന് മുൻപേ നീരൊഴുക്കിന് തടസം നിൽക്കുന്ന ബണ്ടിനരികിലെ കാടും, പുല്ലും, അടിഞ്ഞുകൂടിയ ചെളിയും നീക്കം ചെയ്യാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാടു മാത്രം വെട്ടി ബണ്ടിലിടുകയാണ് കരാറുകാർ ചെയ്തത്. കനാലിൽ നിന്ന് പൂർണമായും തടസം നീക്കിയില്ലെങ്കിൽ മുകളിൽ നിന്നൊഴുകിയെത്തുന്ന ചണ്ടിയും പായലും കെട്ടിക്കിടന്ന് നീരൊഴുക്കിനെ ബാധിക്കുമെന്നും ബണ്ട് പൊട്ടൽ ഭീഷണിയുണ്ടെന്നും കർഷകർ പറയുന്നു. നാലു വർഷം മുൻപ് രണ്ട് സ്ഥലത്ത് ബണ്ട് പൊട്ടിയിട്ടുണ്ട്. പൊട്ടിയാൽ കൃഷിയിറക്കൽ സാദ്ധ്യമല്ലെന്നും പറപ്പൂക്കര നെടുമ്പാൾ കർഷക സംഘം സെക്രട്ടറി ശശിധരൻ ഞാറ്റുവെട്ടി പറഞ്ഞു.