gvr-darsanam
ലോക്ഡൗണിന് ശേഷമുള്ള ആദ്യദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ ദർശനം നടത്തുന്നു

ഗുരുവായൂർ: ഇളവുകളോടെ ഗുരുവായൂർ ക്ഷേത്ര ഗോപുരം ഭക്തർക്ക് ദർശനത്തിനായി തുറന്ന് നൽകിയ ആദ്യ ദിനം തിരക്ക് കുറവ്. 88 പേരാണ് ആദ്യ ദിനമായ ഇന്നലെ ദർശനത്തിനെത്തിയത്. രാവിലെ 9.30 മുതലായിരുന്നു ഭക്തരെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിച്ചത്. ആദ്യ രണ്ട് മണിക്കൂറിൽ 75 ഓളം പേരെത്തി. പിന്നീടുള്ള രണ്ട് മണിക്കൂറിൽ 13 ഭക്തരാണെത്തിയത്. ഓൺലൈനായി രജിസ്റ്റർ ചെയ്തവരിൽ 300 പേർക്കാണ് ടോക്കൺ അനുവദിച്ചത്. തൃശൂർ വെള്ളാനിക്കര സ്വദേശി സദാനന്ദനാണ് ആദ്യം ദർശനത്തിനായി ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചത്.

കിഴക്കെനടയിൽ കല്യാണ മണ്ഡപത്തിന് സമീപം കൗണ്ടറിൽ ടോക്കൺ കാണിച്ച് ഉദ്യോഗസ്ഥർ പരിശോധിച്ച് ആരോഗ്യ വിഭാഗത്തിന്റെ തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും ശേഷമാണ് ഭക്തരെ പ്രവേശിപ്പിച്ചത്. 25 ഓളം പേരെ മാത്രമാണ് ഒരേ സമയം ക്യൂ കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചത്.

ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ രാവിലെ തന്നെ ക്ഷേത്ര സന്നിധിയിലെത്തി ഒരുക്കം വിലയിരുത്തി.

ഇന്ന് 224 പേർക്കാണ് ദർശനത്തിന് അനുമതി ലഭിച്ചത്. ദർശനത്തിനായുള്ള ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഫോമിൽ നാലു പേർക്ക് വരെ ടോക്കണിന് അപേക്ഷിക്കാം. ഇന്ന് ക്ഷേത്രത്തിൽ 20 വിവാഹം നടക്കും.