ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന് ദേവസ്വത്തിന് പ്രതിദിനം ലക്ഷങ്ങളുടെ ചെലവ്. ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രവും ക്ഷേത്ര പരിസരവും അണുവിമുക്തമാക്കുന്നതിനാണ് ദേവസ്വത്തിന് ലക്ഷങ്ങളുടെ ചെലവ് വരുന്നത്. ഭക്തരെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പും ഓരോ 25 പേർ ക്ഷേത്രത്തിൽ പ്രവേശിച്ച് കഴിയുമ്പോഴും ക്ഷേത്ര പരിസരവും ക്യൂ കോംപ്ലക്‌സും അണുവിമുക്തമാക്കുന്നുണ്ട്. ലിറ്ററിന് ഏഴായിരം രൂപ വിലവരുന്ന നൈസ് കോൾഡ് എന്ന ലായിനിയാണ് അണുവിമുക്തമാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകുന്നതിന് മുന്നോടിയായി തിങ്കളാഴ്ച നടത്തിയ അണുവിമുക്തമാക്കലിന് മാത്രം ഒന്നരലക്ഷത്തോളം രൂപയുടെ ചെലവ് വന്നതായാണ് വിവരം.