വാടാനപ്പിള്ളി: വാടാനപ്പിള്ളിയിൽ യുവ ദന്ത ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണേശ മംഗലത്ത് ഡെന്റൽ ക്ലിനിക്ക് നടത്തി വരുന്ന കോഴിക്കോട് സ്വദേശിയായ 27 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസമായി ഇയാൾ ഗണേശ മംഗലത്തും തൃപ്രയാറിലും ക്ലിനിക്ക് നടത്തിവരുകയാണ്. മൂന്ന് ദിവസം മുമ്പാണ് രോഗലക്ഷണം കണ്ടത്. ഉടനെ ആശുപത്രിയെ സമീപിച്ച് സാമ്പിൾ പരിശോധനയ്ക്ക് കൊണ്ടുപോയി. ഇയാൾ ക്ളിനിക്കിന്റെ മുകൾനിലയിലെ റൂമിലാണ് താമസിച്ചു വന്നിരുന്നത്.
ചൊവ്വാഴ്ചയാണ് പരിശോധനാ ഫലം വന്നത്. ഫലം പൊസിറ്റീവായി. തുടർന്ന് ഡി.എം.ഒയുടെ നിർദ്ദേശ പ്രകാരം വൈകീട്ട് ആബുലൻസെത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടറെയും ക്വാറന്റൈനിലാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാടാനപ്പിള്ളിയിലും തൃപ്രയാറും ഉള്ള ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു. രണ്ട് ക്ലിനിക്കിലും ചികിത്സയ്ക്ക് വന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.