കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡിന് ചികിത്സ നൽകുന്നതിനായി പ്രാരംഭ നടപടികളുമായി അധികൃതർ. ഇപ്പോൾ ശതാബ്ദി സ്മാരക മന്ദിരമാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നത്. ഇതിന്റെ ഭാഗമായി അമ്മമാരുടെയും കുട്ടികളുമായി ബന്ധപ്പെട്ട മാതൃ ശിശു വിഭാഗം പൂർണ്ണമായി ടി.കെ.എസ് പുരം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റും. ഔട്ട്, ഇൻ രോഗികൾക്കുള്ള എല്ലാ വിഭാഗ ചികിത്സകളും മെഡികെയർ ആശുപത്രിയിൽ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്.

48 പേരെ കിടത്തി ചികിത്സിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ജനറൽ മെഡിസിൻ, ജനറൽ സർജറി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ഒ.കെ ആശുപത്രിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. അസുഖ ബാധിതർ താലൂക്ക് ആശുപത്രിയിൽ എത്തി അഡ്മിഷൻ എടുത്തതിന് ശേഷം വാഹനത്തിൽ ഒ.കെയിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ക്രമീകരണം. എമർജൻസി സർജറി സൗകര്യം ഇതുവരെയായിട്ടില്ല. താലൂക്ക് ആശുപത്രിയിൽ നിലവിൽ കിട്ടി കൊണ്ടിരിക്കുന്ന സേവനങ്ങളായ ക്വാഷിലിറ്റി ഒ.പി, ഫാർമസി, ഇ.സി.ജി, എക്‌സ് റേ, ലാബ്, സ്‌കാനിംഗ് എന്നിവ കൂടാതെ ഡയാലിസിസ്, കീമോതെറാപ്പി എന്നിവ പതിവുപോലെ നടക്കും.

......................

കൊവിഡ് ചികിത്സയ്ക്ക് ഒരുക്കിയിട്ടുള്ളത്

കൊവിഡിനായി സജ്ജീകരിച്ചിട്ടുള്ള മന്ദിരത്തിൽ 70 പേരെയാണ് കിടത്തി ചികിത്സിക്കുക. ഇതിന് വേണ്ടത്ര സ്റ്റാഫിന്റെ കുറവുണ്ട്. 26 സ്റ്റാഫുകളെ ആശുപത്രിയിൽ ഇതിനുവേണ്ടി ഇപ്പോഴുള്ളൂ. ഇതിൽ 12 പേർ ആഴ്ചയിൽ ഡ്യൂട്ടി കഴിഞ്ഞ് പോയാൽ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കണം. ഇങ്ങനെയാണെങ്കിൽ നിരവധി സ്റ്റാഫുകളെ ഇനിയും വേണ്ടി വരും.

..........................................

ചികിത്സാ കേന്ദ്രം ആക്കുന്നതിൽ അസ്വാരസ്യം

താലൂക്ക് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രം ആക്കുന്നതുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. തിരക്കേറിയ നഗരവും ദിവസേന ആയിരങ്ങൾ എത്തിച്ചേരുന്ന സ്‌കൂളും, പൊലീസ് സ്റ്റേഷനും ആശുപത്രിയുടെ മതിലിനോട് ചേർന്നാണ്. കൂടാതെ സിവിൽ സ്റ്റേഷൻ അടക്കം നൂറുകണക്കിന് ആളുകൾ കയറി ഇറങ്ങുന്ന കടകളും ഇതിന് സമീപമാണ്. രണ്ട് പ്രധാന ബസ് സ്റ്റോപ്പുകളായ വടക്കേ നടയും പടിഞ്ഞാറെ നടയും ഇതിന് സമീപമാണ്. ഇതൊക്കെ കണക്കിലെടുത്ത് മറ്റൊരു ജനസാന്ദ്രതയില്ലാത്ത സ്ഥലത്തേക്ക് കൊവിഡ് ചികിത്സ മാറ്റണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ചില ഭാഗങ്ങളിൽ നിന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

............................................

സ്റ്റാഫിന്റെ എണ്ണത്തിൽ കുറവുള്ളതിനാൽ ജില്ലയിൽ നിന്ന് അമ്പത് സ്റ്റാഫിനെ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആറ് ഡോക്ടർമാർ, 20 സ്റ്റാഫ് നേഴ്‌സ്, 20 ക്ലീനിംഗ് സ്റ്റാഫ്, ഫാർമസി, ലാബ് ടെക്‌നീഷ്യൻ, എക്‌സ് റേ ടെക്‌നീഷ്യൻ, ഡ്രൈവർ എന്നിവരെ ഒരോന്ന് വീതം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ആശുപത്രിയിൽ ഒരോ സംഘടനകളും വ്യക്തികളും കൊടുക്കുന്ന സൗജന്യ ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതല്ല.

- ടി.വി. റോഷ് (ആശുപത്രി സൂപ്രണ്ട്)​