ചേലക്കര: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടകളിലൂടെ സാമൂഹിക അകലം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ഒരുമയ്ക്ക് ഒരു കുട അകലം" എന്ന കാമ്പയിൻ ചേലക്കര നിയോജക മണ്ഡലത്തിൽ യു.ആർ പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്ഷീര സാഗരം പദ്ധതിയും കഴിഞ്ഞ പ്രളയത്തിൽ കൃഷി നാശം സംഭവിച്ച കുടുബശ്രീ ജെ.എൽ.ജി ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് (സി.എം.എഫ് ) എന്നിവയുടെ ആദ്യ വിതരണവും എം.എൽ.എ നിർവഹിച്ചു.
''ഒരുമയ്ക്ക് ഒരു കുട അകലം'' കാമ്പയിന്റെ ഭാഗമായി ചേലക്കര മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലായി ആയിരത്തോളം കുടകളാണ് വിറ്റഴിക്കുന്നത്. ക്ഷീര സാഗരം പദ്ധതിയിലൂടെ ചേലക്കര പഞ്ചായത്തിലെ അഞ്ച് പേരടങ്ങുന്ന 4 കുടുംബശ്രീ ഗ്രൂപ്പുകൾക്ക് 10 പശുവിനെ വീതം ആകെ 40 കറവപശുക്കളെയാണ് നൽകുന്നത്. 25 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്. ഒരു ഗ്രൂപ്പിന് 6,25,000 രൂപയാണ് ബാങ്ക് വായ്പയായി നൽകുന്നത്. ഇതിൽ 2,18,000 രൂപ സബ്‌സിഡി ആയി ഓരോ ഗ്രൂപ്പിനും ലഭിക്കും.

കഴിഞ്ഞ പ്രളയത്തിൽ ചേലക്കര പഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച 9 ജെ.എൽ.ജി. ഗ്രുപ്പുകൾക്കു ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും 20000 രൂപ വീതം 1,80,000 രൂപയും പഞ്ചായത്തിൽ കൃഷി ചെയ്യുന്ന ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഇൻസെന്റിവ് ഇനത്തിൽ ആകെ 1,68,608 രൂപയും വിതരണം നടത്തി.
ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയൻ,​ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സൈനബ ഇക്ബാൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ശ്രീകുമാർ , വാർഡ് മെമ്പർമാരായ ബാലൻ പുളിക്കൽ, കുടുംബശ്രീ ചെയർപേഴ്‌സൻ ശോഭന തങ്കപ്പൻ, കുടുംബശ്രീ ബ്ലോക്ക് കോ- ഓഡിനേറ്റർ ബിനിഷ് ജോബ്, ബാങ്ക് ഒഫ് ഇന്ത്യ മാനേജർ രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.