കല്ലൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃക്കൂർ പഞ്ചായത്തിനെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനൽ നടപടി നിയമസംഹിതയിലെ144 വകുപ്പ് പ്രകാരവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് 19 രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്താണിത്. ഇതുപ്രകാരം സർക്കാർ, അർദ്ധ സർക്കാർ, പഞ്ചായത്ത് ഓഫീസ് എന്നിവ സർക്കാർ നിർദ്ദേശം അനുസരിച്ചുളള ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.
പഞ്ചായത്തിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്. വ്യാപാര സ്ഥാപനങ്ങളിൽ ഒരേസമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ല. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ ഒഴികെയുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മാത്രം പ്രവർത്തിക്കാം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതും വീടുകൾ കയറിയിറങ്ങി കച്ചവടം നടത്തുന്നതും കർശനമായി നിരോധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.