വാടാനപ്പള്ളി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച ഏങ്ങണ്ടിയൂർ വഴിനടക്കൽ കുമാരന്റെ സ്രവ പരിശോധനാ ഫലം ഇന്നലെയും വന്നില്ല. അതേസമയം അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ ഫലം നെഗറ്റീവായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരുടെയും സ്രവം അന്നു തന്നെ പരിശോധനയ്ക്കെടുത്തിരുന്നു. കുമാരന്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ വൈറോളജി ലാബ് എന്നിവിടങ്ങളിലേയ്ക്കാണ് അയച്ചത്. ഫലം വന്നതിന് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കുമാരൻ മരിച്ചത്. കാഡ് ടെസ്റ്റിൽ കൊവിഡ് പൊസിറ്റീവ് ആണെന്ന് തെളിഞ്ഞുവെങ്കിലും അന്തിമ വിലയിരുത്തലിനായി കൂടുതൽ പരിശോധന നടത്തുകയായിരുന്നു.