തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സ്വകാര്യ ആയുർവേദ ചികിത്സകർ ഒരുക്കുന്ന ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കിന് ജില്ലയിൽ തുടക്കം. സർക്കാർ നടപ്പാക്കുന്ന ആയുർരക്ഷാ ക്ലിനിക്കുകളുടെയും അമൃതം പദ്ധതിയുടെയും തുടർച്ചയായി ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്യൂണിറ്റി ക്ലിനിക്കുകൾ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ 383 ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കുകളുടെ പ്രവർത്തനം തുടങ്ങിയെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി രാമനാഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആയുർവേദ ഔഷധ നിർമാതാക്കൾ, ഡോക്ടർമാർ, ആയുർവേദ ആശുപത്രികൾ എന്നിവയെ ഉൾപ്പെടുത്തി എ.എം.എം.ഒ.ഐ, എ.എം.എ.ഐ, എ.എച്ച്.എം.എ എന്നീ സംഘടനകൾ ചേർന്നാണ് ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്ക് നടപ്പാക്കുന്നത്.
നിലവിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രികൾ, ക്ലിനിക്കുകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. ക്ലിനിക്കുകളിൽ രോഗപ്രതിരോധ ചികിത്സയ്ക്ക് എത്തുന്നവർക്ക് പരിശോധന പൂർണമായും സൗജന്യമാണെന്ന് അഷ്ടവൈദ്യൻ ഇ.ടി നീലകണ്ഠൻ മൂസ്സ് വ്യക്തമാക്കി. ഈ പദ്ധതിയിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഫീസ് ഈടാക്കില്ല. ആയുർ ഷീൽഡ് ഇമ്യൂണിറ്റി ക്ലിനിക്കുകളിലൂടെ പരിശോധന നടത്തുന്നവരുടെ പഠനറിപ്പോർട്ടുകൾ മൂന്നുമാസത്തിനകം സർക്കാരിനും മറ്റു ഗവേഷകസ്ഥാപനങ്ങൾക്കും കൈമാറും.
ആയുർവേദത്തിന്റെ സാദ്ധ്യതകൾ ജനങ്ങളിലെത്തിക്കാനും ഈ പദ്ധതിയിലൂടെ കഴിയും. സി.ഐ.ഐ തൃശൂർ സോൺ വൈസ് ചെയർമാൻ കെ. ഭവദാസൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ഇ.ടി. രവി മൂസ്സ്, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ ട്രഷറർ ഡോ. കെ.ബി സാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.