തൃശൂർ: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആത്മനിർഭർ ഭാരത് എന്നീ കേന്ദ്ര പദ്ധതികൾ വഴി 21,650 മെട്രിക് ടൺ അരി ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളിലെത്തി. ഈ മാസം 30 വരെ സൗജന്യ വിതരണം ചെയ്യുന്നതിനുള്ള അരിയാണ് മുളങ്കുന്നത്തുകാവിലെയും, ചാലക്കുടിയിലെയും എഫ്.സി.ഐ ഗോഡൗണുകളിൽ എത്തിയത്.
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് ജില്ലയിലെ സിവിൽ സപ്ലൈസ് ഗോഡൗണുകളിലേക്ക് അരി എത്തിച്ചുകൊണ്ടിരിക്കുന്നതായി എഫ്.സി.ഐ അധികൃതർ പറഞ്ഞു. തൃശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലെ ഗുണഭോക്താക്കൾക്കാണ് ഏപ്രിൽ, മേയ്, ജൂൺ മാസക്കാലയളവിലായി ലഭിക്കേണ്ട പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
തൃശൂർ ജില്ലാ ഡിവിഷണൽ മാനേജരുടെ കീഴിൽ അവധി ദിവസങ്ങളിലും അർപ്പണ മനോഭാവത്തോടെ പണിയെടുത്ത ജീവനക്കാരും തൊഴിലാളികളും പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ സഹായിച്ചുവെന്ന് അധികൃതർ പറഞ്ഞു.