തൃശൂർ: കഴിഞ്ഞ രണ്ടു വർഷങ്ങളിലേതുപോലെ കനത്തമഴയും പ്രളയവും ഉണ്ടായാൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ മുന്നൊരുക്കം.
സാധാരണ പ്രളയകാല സുരക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി സാമൂഹിക അകലം പാലിച്ച് ലോക്ക് ഡൗൺ നിബന്ധനകളും ക്വാറന്റൈൻ പ്രോട്ടോക്കോളും പാലിച്ച് രണ്ട് ദുരന്തങ്ങളും ഒന്നിച്ച് നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്ന് എത്ര പേർ വന്നിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ അന്യനാടുകളിൽ നിന്ന് എത്ര പേർ വരാൻ സാദ്ധ്യതയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന എത്ര പേരുടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുന്ന വിശദമായ പട്ടിക വില്ലേജ് ഓഫീസർമാരുടെ കൈവശം വേണം.
കഴിഞ്ഞ വർഷങ്ങളിലെ സാദ്ധ്യതകൾ കണക്കിലെടുത്ത് പ്രളയവുമായി ബന്ധപ്പെട്ട് ഉരുൾപൊട്ടൽ ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിൽ രോഗബാധിതരോ നിരീക്ഷണത്തിലോ ഇരിക്കുന്ന ആളുകളുണ്ടെങ്കിൽ അവരെ സുരക്ഷിതവും രോഗവ്യാപനം ഉണ്ടാകാത്തതുമായ സ്ഥലങ്ങളിലേക്ക് മാറ്റണം. ഇതിന് പൊലീസ്, ഫയർ ഫോഴ്‌സ്, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണവും ഉറപ്പു വരുത്തണം.
പ്രളയ സാദ്ധ്യത മുന്നിൽക്കണ്ട്, പ്രവാസികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ എന്നിവരെ നിരീക്ഷണ വിധേയരാക്കി രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ 14 ദിവസത്തേക്ക് അവരവരുടെ വീടുകളിൽ റൂം ക്വാറന്റൈനിലും ഇരുത്തണമെന്ന നിർദ്ദേശവും കളക്ടർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മുന്നൊരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
''പ്രളയം പോലുളള ദുരന്തമുണ്ടാകുമ്പോൾ ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ചുമതലയെപ്പറ്റിയും ലളിതമായി മനസ്സിലാക്കുന്നതിന് വേണ്ടി എല്ലാ തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും സർക്കാർ തയ്യാറാക്കിയ പ്രതികരണ രേഖ വായിക്കണം.''
- എസ്.ഷാനവാസ്, കളക്ടർ (വീഡിയോ കോൺഫറൻസിൽ)
തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും 4 നിർദ്ദേശങ്ങൾ:
1. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിലും വരാനിരിക്കുന്നവരിലും ആർക്കൊക്കെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈൻ സജ്ജീകരണങ്ങൾ വേണമെന്നത് കണ്ടെത്തണം.
2.പ്രളയം വന്നാൽ രോഗ വ്യാപനത്തിന് ഏറെ സാദ്ധ്യതയുള്ള 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ പ്രത്യേകം താമസിപ്പിക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കണം.
3.വൈറസ് വ്യാപനമല്ലാതെ പ്രായാധിക്യ രോഗങ്ങളുള്ളവരെയും ആവശ്യമായ ആകലത്തിൽ പാർപ്പിക്കാൻ ശ്രദ്ധിക്കണം.
4.10 നും 60 നും ഇടയിൽ പ്രായമുള്ളവരെ മുൻകാലങ്ങളിലേതുപോലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിക്കണം.