ഇന്നലെ ഓടിയത് 20 ശതമാനം മാത്രം
തൃശൂർ: ചാർജ്ജ് വർദ്ധനയ്ക്ക് ഹൈക്കോടതി പച്ചക്കൊടി വീശിയിട്ടും നിരത്തിലിറങ്ങാൻ മടിച്ച് സ്വകാര്യ ബസുടമകൾ. ജില്ലയിൽ നിരത്തിൽ ഇറങ്ങിയത് 20 ശതമാനം സ്വകാര്യബസുകൾ മാത്രം. കൊവിഡ് കാലത്ത് പ്രത്യേകം തയ്യാറാക്കിയ ടിക്കറ്റ് നിരക്കാണ് ഇന്നലെ നിരത്തിലിറങ്ങിയവർ യാത്രക്കാരിൽ നിന്ന് ഈടാക്കിയത്.
കോടതി വിധി വന്നെങ്കിലും ഇക്കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനം എടുക്കാത്തതിനാൽ ടിക്കറ്റിന് കൂടുതൽ നിരക്ക് വാങ്ങുന്ന കാര്യത്തിൽ ഉടമകളിൽ തന്നെ അവ്യക്തതയുണ്ട്. സ്റ്റേ അല്ലാതെ കൂട്ടിയ നിരക്ക് പുനഃസ്ഥാപിച്ചാൽ മാത്രം ബസുകൾ നിരത്തിൽ ഇറക്കിയാൽ മതിയെന്നാണ് ഒരുകൂട്ടം ഉടമകളുടെ വാദം.
സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തിയതോടെ കെ.എസ്.ആർ.ടി.സി ചില റൂട്ടുകളിലെ അധിക സർവീസുകൾ കുറച്ചിരുന്നു. ഇത് യാത്രക്കാർക്ക് തിരിച്ചടിയായി. പുതിയ സാഹചര്യത്തിൽ സ്വകാര്യബസുകൾ കുറഞ്ഞിട്ടും കെ.എസ്.ആർ.ടി.സി ബസുകൾക്ക് കൂടുതൽ സർവീസ് നടത്താനായില്ല. കൂടാതെ അന്തർജില്ലാ സർവീസുകൾ അടക്കം തുടങ്ങിയതോടെ കൂടുതൽ സർവീസ് നടത്താൻ ബസുകളില്ലാത്ത സാഹചര്യമാണുള്ളത്.
കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നാണ് കൂടുതൽ ബസുകൾ സർവീസ് നടത്തിയത്. ഇവിടെ നിന്നും ഗുരുവായൂർ, കൊടുങ്ങല്ലൂർ, പട്ടാമ്പി എന്നിടങ്ങളിലേക്കാണ് പ്രധാനമായും സർവീസ് നടത്തിയത്. കൂടാതെ പ്രാദേശികമായും സർവീസ് നടത്തിയിരുന്നു. കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ കാര്യമായി സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ബസുകളാണ് ഈ മേഖലയിൽ യാത്രക്കാർ ആശ്രയിച്ചത്. എന്നാൽ ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ റൂട്ടിൽ ബസുകൾ സർവീസ് നടത്തി.
ഹോട്ട്‌സ്‌പോട്ടുകളിലേക്ക് ബസില്ല
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച അവണൂർ, ചേർപ്പ്, പെറാറത്തിശ്ശേരി, വടക്കെക്കാട്, തൃക്കുർ പഞ്ചായത്തുകളിലും വിവിധ മേഖലകളിലും ബസുകൾ സർവീസ് നടത്തിയില്ല. സർവീസ് നടത്തിയ ബസുകളിൽ ആളുകൾ ഏറെ കുറവുമായിരുന്നു.